സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ ഇന്ന് തിരി തെളിയും

181

കണ്ണൂര്‍: 57-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. പത്തുവര്‍ഷത്തിന് ശേഷമാണ് കണ്ണൂര്‍ സംസ്ഥാന കലോത്സവത്തിന് വേദിയാകുന്നത്. രാഷ്ട്രീയ പ്രബുദ്ധതയ്ക്കൊപ്പം കലാ സാംസ്കാരിക രംഗങ്ങളിലും സര്‍ഗാത്മകതയിലും സമ്ബന്ന പൈതൃകം കാത്തുസൂക്ഷിക്കുന്ന കണ്ണൂര്‍ തികഞ്ഞ ആവേശത്തോടെയാണ് ഏഷ്യയിലെ ഏറ്റവും ബൃഹത്തായ കലാ മാമാങ്കത്തെ വരവേല്‍ക്കുന്നത്.
കണ്ണൂരില്‍ നടക്കുന്ന കലോത്സവത്തിന് എല്ലാ സന്നാഹങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഇന്ന് നടക്കുന്ന ഘോഷയാത്രയില്‍ 5000 ത്തില്‍ അധികം കലാപ്രതിഭകള്‍ അണിനിരക്കും. ജില്ലയിലെ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച്‌ പ്ലോട്ടുകളും കലാസാംസ്കാരിക പരിപാടികളും ഘോഷയാത്രക്ക് മാറ്റുകൂട്ടും.

ഉച്ചക്ക് 2.30 ന് സെന്റ്മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ റേഞ്ച് ഐ ജി ദിനേന്ദ്ര കശ്യപും പ്രശസ്ത പിന്നണിഗായിക സയനോര ഫിലിപ്പും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും.
പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് ഘോഷയാത്ര കമ്മിറ്റി ഒരുക്കിയിട്ടുളളത്. രജിസ്ട്രേഷന്‍ രാവിലെ 11 മണിക്ക് ആരംഭിക്കും. ഓരോ വിദ്യാലയവും പ്രത്യേക ബാനറിന് പിന്നില്‍ അവതരണ ക്രമം പാലിച്ച്‌ അണിനിരക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിക്കാത്ത പ്ലോട്ടുകള്‍ക്ക്‌അ വതരണാനുമതി നല്‍കില്ലെന്ന് കമ്മിറ്റി അറിയിച്ചു.
കലോല്‍സവ ഘോഷ യാത്ര വാഹനക്രമീകരണം
ഇന്ന് നടക്കുന്ന കലോല്‍സവ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെയും വഹിച്ചെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ട്രാഫിക് പോലിസ് ക്രമീകരണം ഏര്‍പ്പെടുത്തിയതായി സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. പയ്യന്നൂര്‍, തളിപ്പറമ്ബ്, പാപ്പിനിശ്ശേരി, മാടായി, പെരിങ്ങോം മേഖലകളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ സെന്റ് മൈക്കിള്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളെ ഇറക്കി പഴയ ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യണം.
മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍, മയ്യില്‍, ശ്രീകണ്ഠപുരം മേഖലയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ സെന്റ് മൈക്കിള്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളെ ഇറക്കി ഗ്രൗണ്ടില്‍ തന്നെ പാര്‍ക്ക് ചെയ്യണം. കൂത്തുപറമ്ബ്, തലശ്ശേരി, എടക്കാട്, പാനൂര്‍, പിണറായി മേഖലകളില്‍ നിന്നുള്ള വാഹനങ്ങള്‍ സെന്റ് മൈക്കിള്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളെ ഇറക്കി ഡി.എസ്.സി ഗ്രൗണ്ടിലാണ് പാര്‍ക്ക് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഘോഷയാത്രയും കലോല്‍സവവും ആസ്വദിക്കാനടക്കും നഗരത്തിലെത്തുന്ന പൊതുജനങ്ങള്‍ പരമാവധി സ്വകാര്യ വാഹനങ്ങള്‍ നഗരത്തിലേക്ക് കൊണ്ടുവരാതെ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY