സൗദിയില്‍ മൂന്ന് മാസമായി ശമ്പളം കിട്ടാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും

315

സൗദിയില്‍ പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് താത്കാലിക തൊഴില്‍ പെര്‍മിറ്റ് അനുവദിക്കും. മൂന്ന് മാസം ശമ്പളം കിട്ടാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും.
എക്‌സിറ്റില്‍ നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്താമെന്നും തൊഴില്‍ കാര്യാലയ മേധാവി വ്യക്തമാക്കി.
പ്രതിസന്ധിയിലായ വിവിധ കമ്പനികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനു താല്‌ക്കാലിക തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുമെന്ന് മദീന തൊഴില്‍ കാര്യാലയ മേധാവി അവാദ് അല്ഹാസിമി പറഞ്ഞു. സന്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം ശമ്പളം ലഭിക്കാതെയും മറ്റും പ്രായാസപ്പെടുന്ന തൊഴിലാളികള്‍ക്ക് എക്‌സിറ്റില്‍ സ്വന്തം നാട്ടിലേക്കു മടങ്ങാവുന്നതാണ്. എന്നാല്‍ ഇവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്താം. ഇതിനായി തൊഴില്‍ കാര്യാലയങ്ങളെയോ എംബസിയെയോ കോണ്‍സുലേറ്റിനെയോ സമീപിക്കാം.

വേതന സുരക്ഷാ നിയമ പ്രകാരം മൂന്ന് മാസം ശമ്പളം ലഭിക്കാത്ത തൊഴിലാളികളെല്ലാം രാജാവിന്റെ ഉത്തരവു പ്രാകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരാണെന്നു അവാദ് അല്‍ ഹാസിമി വ്യക്തമാക്കി. അതേസമയം പ്രതിസന്ധിയിലായ സൗദി ഓജര്‍ കമ്പനിയിലെ ഇന്ത്യക്കാരായ തൊഴിലാളികളെ ഏറ്റെടുക്കാനായി സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള അന്‍പതോളം കമ്പനികള്‍ തയ്യാറായി വന്നിട്ടുണ്ടെന്ന് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു.

NO COMMENTS

LEAVE A REPLY