തൊഴില്‍ നഷ്ടപ്പെടുന്ന വിദേശികള്‍ക്ക് ജോലി കണ്ടെത്താന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

180

ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികള്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ശ്രദ്ധേയമാകുന്നു. ജോലിക്കാരെ ആവശ്യമുള്ള തൊഴിലുടമകള്‍ക്കും ഈ സംവിധാനം വഴി റിക്രൂട്ട് ചെയ്യാം. ജോലിക്കാരെ തേടി 700ഓളം സ്ഥാപനങ്ങള്‍ ഇതുവരെ രജിസ്റ്റര്‍ചെയ്തു.
ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കും ജോലിക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കും ഒരുപോലെ അനുഗ്രഹമാണ് സൗദി തൊഴില്‍മന്ത്രാലയം പുതുതായി ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനം. Kawadir.com.sa എന്ന വെബ്സൈറ്റില്‍, ജോലി അന്വേഷിക്കുന്ന വിദേശികള്‍ക്ക് അവരുടെ ബയോഡാറ്റ അപ്‍ലോഡ് ചെയ്യാം. തൊഴിലാളികളെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കും ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.പുതിയ വിദേശ തൊഴിലാളികളെ സൗദിയില്‍വെച്ച്‌ തന്നെ റിക്രൂട്ട് ചെയ്യാനും നിലവിലുള്ള തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റാനും തൊഴിലുടമകള്‍ക്ക് ഇതിലൂടെ സാധിക്കും. താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ ജോലി നോക്കാന്‍ വിദേശികള്‍ക്ക് ഈ സംവിധാനം അവസരം നല്‍കുന്നു. ജോലി മാറാന്‍ നിലവിലുള്ള സ്പോണ്‍സറുടെ അനുമതി ആവശ്യമാണ്.നിതാഖാത് പ്രകാരം പച്ച വിഭാഗത്തിലോ അതിനു മുകളിലോ ഉള്ള സ്ഥാപനങ്ങളിലേക്ക് മാത്രമേ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കുകയുള്ളൂ. 2200ഓളം തൊഴിലാളികളും തൊഴിലാളികളെ ആവശ്യമുള്ള 700ലേറെ സ്ഥാപനങ്ങളും ഇത് വരെ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ചെയ്തു. ഈ സംവിധാനം നിലവില്‍ വന്നതോടെ വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്റ് കുറഞ്ഞതായി സൗദി തൊഴില്‍മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍നിന്നും പുതിയ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് പകരം പരിചയ സമ്ബന്നരായ തൊഴിലാളികളെ സൗദിയില്‍വെച്ച്‌ തന്നെ ലഭിക്കുന്ന ഈ സംവിധാനം പ്രയോജനപ്പെടുത്തുകയാണ് പല കമ്ബനികളും. അതേസമയം സ്പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ വിദേശ തൊഴിലാളികളുടെ സേവനം താല്‍ക്കാലികമായി ഉപയോഗപ്പെടുത്താനും തൊഴില്‍ മന്ത്രാലയം സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ajeer.com.sa എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ചെയ്യാവുന്നതാണ്.

NO COMMENTS

LEAVE A REPLY