ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി ;ഉടന്‍ എന്നതിന്റെ അര്‍ഥമറിയില്ലേയെന്നും ചോദ്യം

202

ചെന്നൈ : അനധികൃത സ്വത്തുസമ്ബാദനക്കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ചോദിച്ച ശശികലയ്ക്കു തിരിച്ചടി. ഉടന്‍ കീഴടങ്ങണമെന്ന് നിര്‍ദേശിച്ച സുപ്രീം കോടതി ഉടന്‍ എന്നതിന്റെ അര്‍ഥമറിയില്ലേയെന്നും ചോദിച്ചു. കൂട്ടുപ്രതികളായ ജെ. ഇളവരശി, വി എന്‍ സുധാകരന്‍ എന്നിവരും ഉടന്‍ കീഴടങ്ങണമെന്നും കോടതി വ്യക്തമാക്കി. കോടതി വിധി പ്രതികൂലമായതോടെ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കുതന്നെ കീഴടങ്ങാമെന്നു ശശികലയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അനധികൃത സ്വത്തു സമ്ബാദനക്കേസില്‍ ശശികല കുറ്റക്കാരിയാണെന്നു ചൊവ്വാഴ്ച സുപ്രീംകോടതി കണ്ടെത്തിയിരുന്നു. വിചാരണക്കോടതിയുടെ നാലുവര്‍ഷം തടവും പത്തുകോടി പിഴയും ശിക്ഷയെന്ന ഉത്തരവും കോടതി ശരിവച്ചിരുന്നു. കോടതി വിധി വന്നതിനുശേഷം കൂവത്തൂരിലെ റിസോര്‍ട്ടില്‍നിന്നു ശശികല ചൊവ്വാഴ്ച രാത്രിയോടെ പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തി. അതേസമയം, ശശികലയെയും മറ്റു രണ്ടു പ്രതികളെയും പാര്‍പ്പിക്കാനുള്ള ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് വന്‍ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലീസ്, സിറ്റി ആംഡ് റിസര്‍വ് എന്നിവയ്ക്കുപുറമേ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജയിലിനു സമീപത്തെ സുരക്ഷ വിലയിരുത്തുന്നുണ്ട്. ശശികലയെ പിന്തുണയ്ക്കുന്ന അനുയായികളെ നിയന്ത്രിക്കാന്‍ തമിഴ്നാട്ടില്‍നിന്നു ബംഗളൂരുവിലേക്കു പ്രവേശിക്കുന്ന ഹൊസൂര്‍ ചെക് പോസ്റ്റിലും വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY