ശശികലയ്ക്ക് വെല്ലുവിളിയുമായി ജയയുടെ സഹോദരപുത്രി ദീപ

179

ചെന്നൈ: ജയലളിതയുടെ മരണത്തിനു പിന്നാലെ തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ നേതൃസ്ഥാനം ലക്ഷ്യമിടുന്ന ശശികലയ്ക്ക് വെല്ലുവിളിയുമായി ജയയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ രംഗത്ത്. ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയാകാന്‍ താന്‍ ഒരുക്കമാണെന്ന് അവര്‍ വ്യക്തമാക്കി. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തയാറാണ്. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനുള്ള ശശികലയുടെ ശ്രമം ജനാധിപത്യ വിരുദ്ധമാണെന്നും ദീപ ആരോപിച്ചു. അതേസമയം, അണ്ണാ ഡിഎംകെ നേതൃത്വം ദീപയുടെ നിലപാട് തള്ളിക്കളഞ്ഞു. ജയലളിതയുടെ ഏക സഹോദരനായ ജയകുമാറിന്റെ മകളാണ് ദീപ. പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് ശശികലയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ദീപയുടെ രംഗപ്രവേശമെന്നാണ് സൂചന. ശശികല പാര്‍ട്ടിയുടെ അമരത്തേക്ക് വരുന്നതില്‍ എതിര്‍പ്പുള്ള ഒരു പ്രബല വിഭാഗം പാര്‍ട്ടിയിലുണ്ട്. ശശികല ജനറല്‍ സെക്രട്ടറിയാകുമെന്ന വാര്‍ത്ത പരന്നതോടെ ഇവര്‍ പ്രതിഷേധവുമായി പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിക്കു മുന്നിലെത്തിയിരുന്നു. പിന്നീട് പൊലീസെത്തിയാണ് പ്രതിഷേധക്കാരെ ഇവിടെനിന്ന് നീക്കിയത്.രൂപത്തിലും ഭാവത്തിലും ജയലളിതയെ ഓര്‍മിപ്പിക്കുന്നയാളാണ് ദീപയെന്നത് കൗതുകകരമാണ്. നിലവില്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ മാത്രമേ ഇവര്‍ക്കുള്ളൂവെങ്കിലും വരും ദിവസങ്ങളില്‍ അണ്ണാ ഡിഎംകെയിലെ അസംതൃപ്തരും ശശികലയുടെ വരവിനെ എതിര്‍ക്കുന്നവരും ദീപയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

NO COMMENTS

LEAVE A REPLY