അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാന്‍ ഇന്ത്യാ- പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ സംസാരിച്ചിരുന്നു: സര്‍താജ് അസീസ്

161
courtesy : manorama online

ന്യുഡല്‍ഹി: അതിര്‍ത്തിയില്‍ അടുത്തകാലത്തുണ്ടായ സംഘര്‍ഷത്തിനു ശേഷം ഇന്ത്യാ- പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഫോണില്‍ സംസാരിച്ചുവെന്ന് പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസ്. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പാകിസ്താനി ഉപദേഷ്ടാവ് നസീര്‍ ജന്‍ജുവയുമാണ് സംസാരിച്ചത്. ഉറി ആക്രമണത്തിനും ഇന്ത്യന്‍ സേന നിയന്ത്രണ രേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിനു ശേഷമാണ് ഇരുവരും സംസാരിച്ചതെന്ന് അസീസ് പറഞ്ഞതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംഘര്‍ഷം കുറയ്ക്കാനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കശ്മീര്‍ പ്രശ്നത്തില്‍ നിന്ന് ലോകശ്രദ്ധ തിരിക്കാന്‍ ഇന്ത്യയാണ് നിയന്ത്രണരേഖയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നത്.
സര്‍ജിക്കല്‍ ആക്രമണം നടത്തിയത് പൊതുജനങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണെന്ന് ഉന്നത ഇന്ത്യന്‍ സൈനികര്‍ തന്നെ പറയുന്നുണ്ടെന്നും സര്‍താജ് അസീസ് ആരോപിച്ചു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ രാജ്യാന്തര സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടു. ഇന്ത്യ ഒരു രാജ്യത്തെയും ആക്രമിക്കില്ലെന്നും അതിക്രമിച്ചുകടക്കാന്‍ ഇന്ത്യക്ക് ആഗ്രഹമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.സെപ്തംബര്‍ 18ന് ഉറി സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തില്‍ 19 സൈനികരാണ് വീരമൃത്യുവരിച്ചത്. പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യ നിയന്ത്രണ രേഖ കടന്ന് പാക് ഭീകര ക്യാംപുകള്‍ തകര്‍ത്ത് 38 ഭീകരരെ വകവരുത്തിയത്.