സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ജയം

277

കോഴിക്കോട്• സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ റൗണ്ടില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആന്ധ്രാപ്രദേശിനെയാണ് കേരളം മുക്കിയത്. ആദ്യപകുതിയിലായിരുന്നു മൂന്നു ഗോളുകളും. വിജയത്തോടെ കേരളം ഫൈനല്‍ റൗണ്ട് സാധ്യതകള്‍ സജീവമാക്കി. രണ്ടാം പകുതിയില്‍ കേരളത്തിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും ജോബി ജസ്റ്റിന്റെ കിക്ക് പുറത്തുപോയതോടെ കേരളത്തിന്റെ വിജയം മൂന്നു ഗോളിലൊതുങ്ങി. ആദ്യ മല്‍സരത്തില്‍ പുതുച്ചേരിയെയും കേരളം ഇതേ സ്കോറിന് തോല്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കേരളം സ്കോര്‍ ചെയ്യുന്നതു കണ്ടുകൊണ്ടാണ് മല്‍സരത്തിന് തുടക്കമായത്. രണ്ടാം മിനിറ്റില്‍ത്തന്നെ ക്യാപ്റ്റന്‍ പി.ഉസ്മാനാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. 22-ാം മിനിറ്റില്‍ സഹല്‍ അബ്ദു സമദിലൂടെ കേരളം ലീഡ് ഉയര്‍ത്തി. 28-ാം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്നെത്തിയ പന്തിന് തലകൊണ്ട് ഗോളിലേക്ക് വഴികാട്ടി പ്രതിരോധനിര താരം ലിജോ, ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇന്നു നടന്ന ആദ്യ മല്‍സരത്തില്‍ കര്‍ണാടകയോട് എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റ പുതുച്ചേരി ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായി. കര്‍ണാടകയ്ക്കായി ആന്റോ സേവ്യര്‍ രണ്ടും ആമോസ് ഒരു ഗോളും നേടി.

NO COMMENTS

LEAVE A REPLY