സാമ്ന നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബി ജെ പി

230

പൂനൈ: ശിവസേനയുടെ മുഖപത്രമായ സാമ് ന നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബി ജെ പി. മഹാരാഷ്ട്രയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേയും ജില്ലാ പരിഷത്തുക്കളിലെയും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മൂന്നു ദിവസത്തേക്ക് സാമ് ന നിരോധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോട് ബി.ജെ.പി ആവശ്യപ്പെട്ടത്. പത്രത്തിലൂടെ പ്രചാരണം നടത്തുന്നു എന്ന് ചൂണ്ടികാട്ടിയായിരുന്നു ഈ നടപടി. തെരഞ്ഞെടുപ്പ് തീയതികളിലും അതിന് മുമ്ബുള്ള ദിവസവും സാമ് ന പ്രസിദ്ധീകരിക്കാന്‍ അനുവദിക്കരുതെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഇതിന് മറുപടിയായി മഹാരാഷ്ട്രയില്‍ ഇപ്പോള്‍ അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന വിമര്‍ശനവുമായി ശിവസേന മേധാവി ഉദ്ദവ് താക്കറെ രംഗത്തെത്തി. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയെ കുറ്റപ്പെടുത്തുന്നവരാണ് നിങ്ങള്‍. എന്നാല്‍ പറയൂ ഇത് അടിയന്തരാവസ്ഥ തന്നെയല്ലേ എന്നും സാമ് ന അടച്ചുപൂട്ടല്‍ ഒരിക്കലും സംഭവിക്കില്ലെന്നും താക്ക്റേ വ്യക്തമാക്കി. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പ്രചാരണത്തിന് പോകാന്‍ പെരുമാറ്റച്ചട്ടമനുസരിച്ച്‌ അനുവാദമില്ല. എന്നിട്ടും അവര്‍ പ്രചാരണത്തിന് പോകുന്നത് എന്തുകൊണ്ടാണെന്നും താക്ക്റേ ചോദിച്ചു. മഹാരാഷ്ട്രയിലെ 10 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 25 ജില്ലാ പരിഷത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി വ്യാഴാഴ്ചയും ചൊവ്വാഴ്ചയുമായാണ് നടക്കുന്നത്. കേന്ദ്രത്തില്‍ ബിജെപി സഖ്യകക്ഷിയാണ് ശിവസേനയെങ്കിലും മഹാരാഷ്ട്രയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അത്ര രസത്തിലല്ല.

NO COMMENTS

LEAVE A REPLY