സക്കീര്‍ ഹുസൈന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

198

കൊച്ചി • വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റിയംഗം സക്കീര്‍ ഹുസൈന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളില്‍ സക്കീര്‍ ഹുസൈന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീര്‍ ഹുസൈന്‍ ഗുണ്ടയാണെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സക്കീര്‍ ഹുസൈനു ജാമ്യം അനുവദിക്കുന്നതിനെ പൊലീസ് എതിര്‍ത്തു. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന് കോടതിയില്‍ ബോധിപ്പിച്ച പൊലീസ്, പ്രതിക്കു ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ച സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയില്‍ സക്കീര്‍ ഹര്‍ജി നല്‍കിയത്.