ശബരിമലയില്‍ കടുത്ത സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര സര്‍ക്കാര്‍

184

തിരുവനന്തപുരം: ശബരിമലയില്‍ കടുത്ത സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തിലാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച്‌ മുന്നറിയിപ്പുള്ളത്. ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തീവ്രവാദികള്‍ ശബരിമലയെ ലക്ഷ്യംവെച്ചിരിക്കുന്നതായാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ ആരംഭിക്കുന്ന സീസണിലാണ് സുരക്ഷാ ഭീഷണിയുള്ളത്. മെറ്റല്‍ ഡിറ്റക്ടറിലൂടെ കണ്ടെത്താനാവാത്ത രിതികള്‍ ഉപയോഗിച്ചായിരിക്കും തീവ്രവാദികള്‍ ശബരിമലയിലെ സുരക്ഷയെ മറികടക്കുകയെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമലയിലെയും ചുറ്റുവട്ടത്തെയും സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി പിഴവുകള്‍ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതിനായി സുരക്ഷാ ഓഡിറ്റ് നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം കൈക്കൊള്ളണമെന്നും ചീഫ് സെക്രട്ടറിയ്ക്ക് കൈമാറിയ കത്തില്‍ പറയുന്നു.