ന്യൂഡല്‍ഹി• ശബരിമല സ്ത്രീ പ്രവേശന കേസ് സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കാനിരിക്കെ, ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുകയെന്ന നിലപാടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ജഡ്ജിമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. പ്രായഭേദമെന്യേ സ്ത്രീ പ്രവേശനമെന്നാണ് 2007ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ഇതേ നിലപാടില്‍ ഉറച്ചു നില്‍ക്കാനാണു തീരുമാനമെന്നു സര്‍ക്കാരിന്റെ നിയമ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുകയെന്ന നിലപാടില്‍ മാറ്റമില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോള്‍ ഭരണം മാറിയതിനാല്‍ നിലപാടില്‍ മാറ്റമുണ്ടോയെന്നു കോടതി ചോദിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തിരുന്ന പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ചോദ്യം. യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് മാറ്റിപ്പറഞ്ഞില്ലെന്നു മാത്രമല്ല, യുഡിഎഫ് ഭരണകാലത്ത് ഹാജരായ വി.ഗിരി തന്നെയാണു കഴിഞ്ഞ തവണയും സര്‍ക്കാരിനുവേണ്ടി ഹാജരായത്. എന്നാല്‍, പിന്നീട് അഭിഭാഷകനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത സര്‍ക്കാരിനു വേണ്ടി ഹാജരാകുമെന്നു സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി. പ്രകാശ് പറഞ്ഞു. കേസ് ഭരണഘടനാ ബെഞ്ചിനു വിടണമോയെന്നു തീരുമാനിക്കേണ്ടതുണ്ടെന്നു കഴിഞ്ഞ തവണ കോടതി സൂചിപ്പിച്ചിരുന്നു.
വിഷയം ഭരണഘടനാ ബെഞ്ചിനു വിടാനാണു തീരുമാനിക്കുന്നതെങ്കില്‍ തന്നെ അതിനു കാരണം വ്യക്തമാക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും തവണ വാദം കേട്ട ബെഞ്ച് അല്ല ഇന്നു കേസ് പരിഗണിക്കുന്നത് എന്നതും ഇക്കാര്യത്തില്‍ പ്രസക്തമാണ്. നേരത്തേ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ചൊക്കലിംഗം നാഗപ്പന്‍ വിരമിച്ചതിനാല്‍ ജസ്റ്റിസ് അശോക് ഭൂഷണെ പുതുതായി ഉള്‍പ്പെടുത്തി.
ഈ കേസില്‍ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഭിന്ന നിലപാടെടുക്കുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം ബോര്‍ഡും സര്‍ക്കാരിന്റെ നിലപാടിനോടു യോജിച്ചു. യുഡിഎഫ് സര്‍ക്കാരെടുത്ത നിലപാടിനോടും യോജിച്ചു. ഇപ്പോള്‍ സ്ഥിതി മാറുന്നു. ഇത്തരമൊരു സാഹചര്യമുണ്ടാവില്ലെന്നാണു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തേ സൂചിപ്പിച്ചത്. ഇതിനിടെ, കേസില്‍ കക്ഷി ചേരാന്‍ അയ്യപ്പ ധര്‍മസേനയുടെ പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ ഈശ്വര്‍ അപേക്ഷ നല്‍കി. നിലവിലെ രീതി തുടരണമെന്നാണു വി.കെ.ബിജു മുഖേന നല്‍കിയ അപേക്ഷയില്‍ പറയുന്നത്.