സാര്‍ക്ക് ഉച്ചകോടി മാറ്റിവെക്കിക്കില്ലെന്ന് പാകിസ്താന്‍

201

ന്യൂഡല്‍ഹി: ഇന്ത്യ ബഹിഷ്ക്കരിച്ചാലും ഇസ്ലാമാബാദില്‍ നവംബറില്‍ നടക്കേണ്ട സാര്‍ക്ക് ഉച്ചകോടിയുമായി മുന്നോട്ട് പോകുമെന്ന് പാകിസ്താന്‍. പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയയാണ് ഇക്കാര്യം അറിയിച്ചത്.
സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കുന്നില്ലെന്ന് ട്വിറ്ററിലൂടെയാണ് അറിഞ്ഞത്. ഇത് തികച്ചും നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാര്‍ക് ഉച്ചകോടി ബഹിഷ്കരിക്കുമെന്ന് ഇന്നലെയാണ് ഇന്ത്യ അറിയിച്ചത്.ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താനുമേല്‍ ആഗോളസമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്.അഫ്ഗാനിസ്ഥാനും ഭൂട്ടാനും ബംഗ്ലാദേശും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.എട്ട് അംഗങ്ങളാണ് സാര്‍ക്കിലുള്ളത്. ഇതില്‍ നാല് അംഗങ്ങള്‍ വിട്ടു നില്‍ക്കുന്നതോടെ ഉച്ചകോടി മാറ്റിവെക്കേണ്ടി വരും. സാര്‍ക്കിന്റെ അധ്യക്ഷപദവി വഹിക്കുന്ന നേപ്പാളാണ് ഇക്കാര്യം പ്രഖ്യാപിക്കേണ്ടത്.
സാര്‍ക്കിന്റെ ചട്ടമനുസരിച്ച്‌ ഏതെങ്കിലും രാഷ്ട്രതലവനോ സര്‍ക്കാരോ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചാല്‍ അത് മാറ്റിവെക്കേണ്ടതാണെന്നും അല്ലാതെ വഴിയില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വ്യക്തമാക്കിയിട്ടുണ്ട്.നിലവിലെ തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ഇടയാക്കിയ സാഹചര്യത്തില്‍ നിന്നും പാകിസ്താന്‍ പിന്നോട്ടില്ലെന്നാണ് അവരുടെ പ്രസ്താവനയില്‍ നിന്ന് മനസിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിന്ധു നദീജല ഉടമ്ബടിയും പാകിസ്താനുള്ള പ്രത്യേക പരിഗണനാപദവിയും പുനരാലോചിക്കാനാണ് ഇന്ത്യയുടെ നീക്കം. ഭീകരര്‍ പാകിസ്താനില്‍ നിന്ന് വന്നവരാണെന്നതിന്റെ തെളിവ് പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി കൈമാറിയതിനു പിന്നാലെയാണ് സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലെദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നിവയാണ് സാര്‍ക് രാജ്യങ്ങള്‍. 1985-ലാണ് സാര്‍ക് നിലവില്‍ വന്നത്.