എസ്.എം.എ. ക്ലിനിക്ക് മറ്റ് മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കും: മന്ത്രി വീണാ ജോർജ്

14

തിരുവനന്തപുരം : എസ്.എംഎ. ക്ലിനിക് (സ്പൈനൽ മസ്‌കുലാർ അട്രോഫി) മറ്റ് മെഡിക്കൽ കോളേജിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കു മെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാർ മേഖലയിൽ ഇത്തരം ഒരു ക്ലിനിക്ക് അനിവാര്യമാണെന്ന് ബോധ്യമായതിന്റെ പശ്ചാത്തലത്തിൽ നിരവധി ചർച്ചകളുടേയും ഇടപെടലുകളുടേയും ഫലമായാണ് സംസ്ഥാനത്ത് ആദ്യമായി സർക്കാർ മേഖലയിൽ മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ എസ്.എംഎ. ക്ലിനിക്ക് ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. എസ്.എ.ടി. ആശുപത്രിയിലെ എസ്.എംഎ. ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്ച തുടക്കത്തിൽ ക്ലിനിക്ക് പ്രവർത്തിക്കും. ഭാവിയിൽ ഈ സേവനം ആവശ്യാനുസരണം വർദ്ധിപ്പിക്കും. എസ്.എംഎ. രോഗികൾക്കുള്ള മൾട്ടി ഡിസിപ്ലിനറി ക്ലിനിക്കായിരിക്കും ഇത്. എസ്.എം.എ ബാധിച്ചവർക്കും, സംശയിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കും അവശ്യമായ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, കുഞ്ഞുങ്ങൾക്കും, മാതാപിതാക്കൾക്കും ജനിതക പരിശോധനയ്ക്കും, കൗൺസിലിങ്ങിനും ജനിതക സ്പെഷ്യലിസ്റ്റ്, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കായി ശ്വാസകോശ രോഗ വിദഗ്ദ്ധൻ, എസ്.എം.എ ബാധിച്ച കുട്ടികൾക്ക് സങ്കീർണതകൾ ഉടലെടുക്കുമ്പോൾ നേരിടാനായി ഇന്റൻസിവിസ്റ്റ് അസ്ഥിരോഗ വിദഗ്ദ്ധൻ, വളർച്ചയും പോഷണവും സംബന്ധിച്ച പ്രശ്നങ്ങൾക്കായി ശിശുരോഗ വിദഗ്ദ്ധൻ, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്കുപേഷണൽ തെറാപ്പിസ്റ്റ് സാന്ത്വന പരിചരണ വിഭാഗം തുടങ്ങി ബൃഹത്തായ ഒരു ടീമിന്റെ കൂട്ടായ സേവനം ഈ ക്ലിനിക്കിലൂടെ നൽകും.

എല്ലാ വർഷവും ഫെബ്രുവരിയിലെ അവസാനത്തെ ദിവസം അപൂർവ രോഗങ്ങളുടെ ദിനമായി ആചരിക്കുകയാണ്. പൊതുജനങ്ങളുടെ ശ്രദ്ധയും ബോധ്യവും അനിവാര്യമായ ഓർമ്മപ്പെടുത്തലും കൂടിയാണ് ഈ ദിനം. സംസ്ഥാനത്ത് 400 ഓളം പേർ അപൂർവ രോഗം ബാധിച്ച് സഹായം തേടുന്നവരുണ്ട്. ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും ഇവരുടെ ചികിത്സയ്ക്കായി ഇടപെടലുകൾ നടത്തുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത്. അതെല്ലാം സമയ ബന്ധിതമായി പൂർത്തിയാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് വേഗത്തിൽ പരിചരണം ഉറപ്പാക്കുന്ന പൈലറ്റ് പദ്ധതി എല്ലാ മെഡിക്കൽ കോളേജിലേക്കും വ്യാപിപ്പിക്കും. മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ രണ്ട് മൂന്ന് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കും.

എസ്.എ.ടി. ആശുപത്രിയിലും നിരവധി വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നു. പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ നൂതന സൗകര്യങ്ങളോടെ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. ഹിമോ ഡയാലിസിസ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇതുവരെ സംസ്ഥാനത്ത് ആകെ ആറ് ഡയാലിസിസ് ടെക്നീഷ്യൻമാരുടെ തസ്തിക മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സർക്കാർ 24 പുതിയ തസ്തികകൾ സൃഷ്ടിച്ചു.

നാലെണ്ണം തിരുവനന്തപുരം മെഡിക്കൽ കോളേജിനും രണ്ടെണ്ണം എസ്.എ.ടി. ആശുപത്രിയിലുമാണ്. 24 ഐസിയു കിടക്കകളും എട്ട് എച്ച്ഡിയു കിടക്കകളും സജ്ജമാക്കി വരുന്നു. ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താൻ ഓക്സിജൻ പ്ലാന്റ് അനുവദിച്ചു. ഗൈനക്കോളജി വിഭാഗത്തിൽ ഹൈ എൻഡ് അൾട്രാ സൗണ്ട് മെഷീൻ സ്ഥാപിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച ടീം അംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. രോഗബാധിതരായ എല്ലാ കുട്ടികൾക്കും സഹായകരമായ രീതിയിൽ ക്ലിനിക്ക് മാറട്ടെയെന്ന് മന്ത്രി ആശംസിച്ചു.

പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ. അനിൽ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദ്ദീൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട്. ഡോ. എസ്. ബിന്ദു, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. മേരി ഐപ്പ്, ജില്ലാ നാഷണൽ ഹെൽത്ത് മിഷൻ ഡോ. ആശ വിജയൻ എന്നിവർ പങ്കെടുത്തു.

NO COMMENTS