പണം മാറാന്‍ ക്യൂവില്‍ നിന്ന സ്ത്രീയുടെ 1.83 ലക്ഷം അടങ്ങുന്ന ബാഗ് കൊള്ളയടിച്ചു

185

ഗുഡ്ഗാവ്: പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ബാങ്കിന് പുറത്ത് നിരയില്‍ നിന്നിരുന്ന സ്ത്രീയുടെ 1.83 ലക്ഷം രൂപ അടങ്ങുന്ന ബാഗ് കൊള്ളയടിച്ചു. ഗുഡ്ഗാവിലെ മദന്‍പുരിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഗുഡ്ഗാവ് ബസ് സ്റ്റേഷനു സമീപമുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണമാണ് നഷ്ടപ്പെട്ടത്. മദന്‍പുരി സ്വദേശിനിയായ നിര്‍മ്മല ദേവി (50)യുടെ പണമാണ് മോഷണം പോയത്. അവസാന നിരയില്‍ നിന്നിരുന്ന നിര്‍മ്മലയുടെ ബാഗ് ഒരു യുവാവ് തട്ടിപ്പറിച്ചുകൊണ്ട് ഓടുകയായിരുന്നു. തന്‍റേത് കൂട്ടുകുടുംബമാണെന്നും കുടുംബത്തിലെ മറ്റംഗങ്ങളുടെ പണം കൂടിയാണ് താന്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനുമാണ് താന്‍ എത്തിയതെന്നും നിര്‍മ്മല പറഞ്ഞു. ഇവരുടെ നിലവിളി കേട്ട് ബാങ്കിലുണ്ടായിരുന്ന പോലീസുകാര്‍ എത്തിയെങ്കിലും കള്ളന്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ബാങ്ക് പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ കുറിച്ച്‌ സൂചന ലഭിക്കുമെന്നാണ് കരുതുന്നതെന്നും പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY