ആള്‍ത്താമസമില്ലാത്ത വീട്ടിലെ ടിവിയും ഗൃഹോപകരണങ്ങളും കാറില്‍ കയറ്റിയ സംഘം പൊലീസിനെ കണ്ടപ്പോള്‍ കാര്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു

173

നാരങ്ങാനം • ആള്‍ത്താമസമില്ലാത്ത വീട്ടിലെ ടിവിയും ഗൃഹോപകരണങ്ങളും കാറില്‍ കയറ്റിയ സംഘം പൊലീസിനെ കണ്ടപ്പോള്‍ കാര്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. കാറിന്റെ നമ്ബര്‍ വ്യാജമാണെന്നു കണ്ടെത്തി. മോഷ്ടാക്കളെ സംബന്ധിച്ച്‌ പൊലീസിനു ക‍ൃത്യമായ സൂചന ലഭിച്ചതായി വിവരം. വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷണശ്രമം. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കാറില്‍ നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സുകള്‍ വച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്.പുലര്‍ച്ചെ 2.30ന് മഠത്തുംപടിക്കും ആലുങ്കലിനും ഇടയില്‍ ചാന്തിരത്തില്‍പ്പടിയിലാണ് സംഭവം. ശ്രീനിലയം സി.ആര്‍. മനോജിന്റെ വീടിന്റെ പുറത്ത് കാര്‍ നില്‍ക്കുന്നതു കണ്ട് പൊലീസ് പട്രോളിങ് സംഘം കാറിനടുത്തേക്കു വന്നപ്പോഴേക്കും കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടി.രണ്ടു പേര്‍ ഓടിയതായാണ് സംശയിക്കുന്നത്. കാര്‍ പരിശോധിച്ചപ്പോള്‍ ടിവിയും ഗ്യസ് സ്റ്റൗവും മിക്സിയും മറ്റും കാറിന്റെ പുറകിലെ സീറ്റില്‍ വച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് മനോജിന്റെ വീടിന്റെ വാതിലിന്റെ പൂട്ട് കമ്ബിപ്പാര ഉപയോഗിച്ച്‌ തകര്‍ത്തതായി മനസിലാക്കുന്നത്. വീടിന്റെ ഉമ്മറത്ത് ഗ്യാസ് സിലിണ്ടറും കൊണ്ടുപോകാന്‍ പാകത്തില്‍ വച്ചിരുന്നു.
കെഎല്‍ മൂന്ന് ആര്‍ 4971 എന്നാണ് കാറില്‍ നമ്ബര്‍ രേഖപ്പെടുത്തിയിരുന്നത്. ഇത് കാറിന്റേതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ആറന്മുള പൊലീസ് അറിയിച്ചു. മനോജും കുടുംബവും വര്‍ഷങ്ങളായി ഹൈദരാബാദിലാണ്. ഏപ്രിലില്‍ അവധിക്കു വന്നു മടങ്ങിയതാണ് ഇവര്‍. അതിനു ശേഷം മനോജിന്റെ വടശേരിക്കരയിലുള്ള അനുജന്‍ സുനില്‍കുമാര്‍ ആണ് ഇടയ്ക്കിടെ വന്ന് വീടു തുറന്നു വൃത്തിയാക്കുന്നത്. ഓണത്തിനു തൊട്ടുമുന്‍പ് വീടു വൃത്തിയാക്കിയിരുന്നു. അതിനു ശേഷം അടഞ്ഞുകിടക്കുകയായിരുന്നു.
വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന പാര കാറില്‍ കിടന്നിരുന്നു. കാറിന്റെ മുന്‍സീറ്റില്‍ സ്ത്രീകള്‍ ധരിക്കുന്ന തരത്തിലുള്ള ഒരു ജോടി ചെരുപ്പുകളും ഉപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍. ഓടിരക്ഷപ്പെട്ടതില്‍ സ്ത്രീ ഉണ്ടോ എന്നു വ്യക്തമല്ല. ഗ്ലൗസ് ഉപയോഗിച്ചാണ് സാധനങ്ങള്‍ കാറില്‍ കയറ്റിയതെന്നു കരുതുന്നു. ഗ്ലൗസുകളും കാറില്‍ ഉപേക്ഷിച്ചിട്ടുണ്ട്. ടേപ്പ് റിക്കാര്‍ഡര്‍, മിക്സി, ജാറുകള്‍, സിഡികള്‍ എന്നിവയും കാറില്‍ കയറ്റിയിരുന്നു. കാറിന്റെ മുന്‍സീറ്റില്‍ നിന്നാണ് രണ്ടു ഡ്രൈവിങ് ലൈസന്‍സുകളും തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചത്.