ആശുപത്രിയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയോടിയ ഡോക്ടര്‍ ദമ്പതികളുടെ മകന്‍ ലോറിക്കടിയില്‍പെട്ട് മരിച്ചു

173

കൊട്ടാരക്കര: ആശുപത്രിയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയോടിയ ഡോക്ടര്‍ ദമ്പതികളുടെ മകന്‍ ലോറിക്കടിയില്‍പെട്ട് മരിച്ചു. മനോരോഗ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയോടിയ കുണ്ടറ ഇളമ്ബള്ളൂര്‍ അംബിപൊയ്ക മറുതായത്ത് വീട്ടില്‍ ഡോക്ടര്‍മാരായ എബ്രഹാം സ്കറിയ- ഷേര്‍ളി എബ്രഹാം ദമ്ബതികളുടെ മകന്‍ അശ്വിന്‍ എബ്രഹാം (24) ആണ് ലോറിക്കടിയില്‍പെട്ട് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് മുന്‍പിലാണ് സംഭവം.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അശ്വിന്‍ എബ്രഹാം ഒരാഴ്ച മുന്‍പാണ് വീട്ടില്‍ മടങ്ങിയെത്തിയത്.

തിങ്കളാഴ്ച രാവിലെ വീണ്ടും മനോനില വഷളായതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത അശ്വിന്‍ എബ്രഹാമിനെ മയക്കാന്‍ കുത്തി വെപ്പിന് കൊണ്ടുപോകുന്നതിനിടയിലാണ് ഇറങ്ങിയോടിയത്. പിന്നാലെ ആശുപത്രി ജീവനക്കാരെത്തിയെങ്കിലും പുനലൂരില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ലോറിക്കടിയില്‍ പെട്ട് തല്‍ക്ഷണം മരിച്ചു. ബിരുദാനന്തര ബിരുദം പൂര്‍ത്തി ആക്കിയ ആളാണ് അശ്വിന്‍ എബ്രഹാം.