റിയോ ഒളിംപിക്സില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മോശമായത് കേന്ദ്ര കായിക മന്ത്രാലയം അന്വേഷിക്കുന്നു

154

ന്യുഡല്‍ഹി: റിയോ ഒളിംപിക്സില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മോശമായത് കേന്ദ്ര കായിക മന്ത്രാലയം അന്വേഷിക്കുന്നു. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. താരങ്ങളുടെ പ്രകടനം മന്ത്രാലയം വിലയിരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിലയിരുത്തല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതായും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.ഒളിംപിക്സില്‍ പങ്കെടുത്ത എല്ലാ താരങ്ങള്‍ക്കും മന്ത്രി വ്യക്തിപരമായി തന്നെ കത്ത് അയച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിര്‍ദ്ദേങ്ങളും തേടിയാണ് കത്ത് അയച്ചിരിക്കുന്നത്. താരങ്ങളുടെ ഏത് അഭിപ്രായവും തുറന്ന് പറയാമെന്ന് മന്ത്രി കത്തില്‍ വ്യക്തമാക്കി. നേരിട്ടോ ഇമെയില്‍ വഴിയോ അഭിപ്രായങ്ങള്‍ അറിയിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.റിയോ ഒളിംപിക്സിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ അടുത്ത മൂന്ന് ഒളിംപിക്സുകള്‍ ലക്ഷ്യമാക്കി പ്രത്യേക പരിശീലന പദ്ധതി ആവിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഒളിംപിക്സിലെ പ്രകടനം അവലോകനം ചെയ്യുന്നത്. താരങ്ങളുടെ പ്രകടനം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ ഒളിംപിക് കമ്മറ്റിയോടും നാഷണല്‍ സ്പോര്‍ട്സ് ഫെഡറേഷനോടും കായിക മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റിയോ ഒളിംപിക്സില്‍ രണ്ട് മെഡലുമായി 67-ാം സ്ഥാനത്താണ് ഇന്ത്യ. പി.വി സിന്ധുവും സാക്ഷി മാലിക്കുമാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത്. മെഡല്‍ നേട്ടത്തില്‍ ലണ്ടന്‍ ഒളിംപിക്സിനേക്കാള്‍ ഇന്ത്യ പിന്നോക്കം പോയിരുന്നു.

NO COMMENTS

LEAVE A REPLY