റിയോ• ദക്ഷിണ അമേരിക്ക ആതിഥ്യം വഹിച്ച ആദ്യ ഒളിംപിക്സിന് റിയോയിലെ വര്‍ണാഭമായ വേദിയില്‍ തിരശീല വീണു. ഇനി 2020ല്‍ ജപ്പാനിലെ ടോക്കിയോയില്‍ കാണാമെന്ന ആശംസാ വാചകങ്ങളോടെ, അത്ലിറ്റുകള്‍ രണ്ടാഴ്ചക്കാലം ആവേശമുഖരിതമായിരുന്ന റിയോ ഡി ജനീറോയോടു വിടപറഞ്ഞു തുടങ്ങി. മെഡല്‍വേട്ടയില്‍ യുഎസ് അനിഷേധ്യ ലീഡുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവുമടക്കം 121 മെഡലുകളാണ് യുഎസ് നേടിയത്.
അറ്റ്ലാന്റ ഒളിംപിക്സിനു ശേഷം ഏറ്റവും മങ്ങിയ പ്രകടനവുമായി ചൈന പിന്നാക്കം പോയപ്പോള്‍, രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കിടയില്‍ തിരിച്ചടി നേരിടാതെ ബ്രിട്ടന്‍ അഭിമാനം കാത്തു. 27 സ്വര്‍ണവും 23 വെള്ളിയും 17 വെങ്കലവുമടക്കം 67 മെഡലുകളാണ് ബ്രിട്ടന്‍ കരസ്ഥമാക്കിയത്.
അതേസമയം, ബെയ്ജിങ് ഒളിംപിക്സില്‍ ഒന്നാം സ്ഥാനവും കഴിഞ്ഞ തവണ ലണ്ടനില്‍ രണ്ടാം സ്ഥാനവും നേടിയ ചൈനയ്ക്കു റിയോ ഒളിംപിക്സില്‍ പ്രതീക്ഷിച്ചയത്ര മെഡല്‍ നേടാന്‍ പറ്റാതെ പോയതു വലിയ തിരിച്ചടിയായി.
ബെയ്ജിങ്ങില്‍ 100 മെഡല്‍ തികച്ച ചൈന ഏറെ പിന്നിലായതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. 1996 അറ്റ്ലാന്റ ഒളിംപിക്സിനു ശേഷം ചൈനയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു റിയോയിലേത്. 26 സ്വര്‍ണവും 18 വെള്ളിയും 26 വെങ്കലവുമുള്‍പ്പെടെ 70 മെഡലുകളുമായി ചൈന മൂന്നാം സ്ഥാനത്താണ്. ഉത്തേജക വിവാദത്തിന്റെ അത്ലിറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടും റഷ്യ മികച്ച പ്രകടനത്തോടെ, പോയിന്റ് പട്ടികയിലെ കരുത്തുറ്റ സാന്നിധ്യമായി.
ലണ്ടന്‍ ഒളിംപിക്സില്‍ രണ്ടു വെള്ളിയും നാലു വെങ്കലവും നേടിയ ഇന്ത്യ, ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായെത്തിയെങ്കിലും പ്രതീക്ഷയ്ക്കൊപ്പിച്ച പ്രകടനം നടത്താതെയാണു മടങ്ങുന്നത്. അവസാന ദിനം ഇന്ത്യ പ്രതീക്ഷയോടെ കാത്തിരുന്ന പുരുഷ ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത് യോഗ്യതാ റൗണ്ടില്‍ പുറത്തായതു തിരിച്ചടിയായി. 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മംഗോളിയയുടെ ഗാന്‍സോറിജിന്‍ മന്ദാക്രാനരനോടാണു യോഗേശ്വറിനു തോല്‍വി സമ്മതിക്കേണ്ടി വന്നത്.
ആതിഥേയര്‍ അര്‍ഹിച്ച സ്വര്‍ണസമ്മാന നേട്ടത്തോടെ റിയോ ഒളിംപിക്സിനു തിരശീല. പുരുഷ ഫുട്ബോളില്‍, ജര്‍മനിയെ ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ കീഴടക്കിയ ബ്രസീല്‍ നേടിയതു ചരിത്രത്തിലെ ആദ്യ ഒളിംപിക്സ് സ്വര്‍ണം (5-4). സാമ്ബത്തിക ഞെരുക്കവും രാഷ്ട്രീയ അസ്ഥിരാവസ്ഥകളും സിക വൈറസ് ഭീതിയും പിടിമുറുക്കിയിട്ടും കുലുങ്ങാതെ ഒളിംപിക്സിന് ആതിഥ്യം വഹിച്ച ബ്രസീലിന് പുരുഷ ഫുട്ബോളിലെ സ്വര്‍ണനേട്ടം അര്‍ഹിച്ച സമ്മാനമായി. നിറഞ്ഞു കവിഞ്ഞ മാറക്കാന സ്റ്റേഡിയത്തില്‍ ആധികാരികമായാണ് ആതിഥേയരുടെ കിരീടധാരണം. അഞ്ചു തവണ ഫിഫ ലോകകപ്പ് നേടിയവരെങ്കിലും ഒരിക്കല്‍പ്പോലും ഒളിംപിക് ഫുട്ബോളില്‍ സ്വര്‍ണം നേടാന്‍ സാധിക്കാത്തവര്‍ എന്ന പേരുദോഷം ഇതോടെ ബ്രസീലിനെ വിട്ടൊഴിഞ്ഞു. ഫിഫ അംഗീകാരമുള്ള എല്ലാ ടൂര്‍ണമെന്റുകളിലും ജേതാക്കളായ 21-ാം നൂറ്റാണ്ടിലെ ആദ്യടീമെന്ന ഖ്യാതിയും ബ്രസീലീനു സ്വന്തമായി.
തുടര്‍ച്ചയായി മൂന്ന് ഒളിംപിക്സുകളില്‍ ഒരേ മൂന്നിനങ്ങളില്‍ സ്വര്‍ണം നേടി ജമൈക്കന്‍ അത്ലിറ്റ് ഉസൈന്‍ ബോള്‍ട്ടും, ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വ്യക്തിഗത മെഡലുകള്‍ പേരിലാക്കി യുഎസ് നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്സും (23 സ്വര്‍ണം, മൂന്നു വെള്ളി, രണ്ടു വെങ്കലം) ഒളിംപിക്സിന്റെ സമീപകാല ചരിത്രത്തിനൊന്നും തിരുത്താന്‍ പറ്റാത്ത റെക്കോര്‍ഡുകളുമായാണു മടങ്ങിയത്. റിയോ ഒളിംപിക്സ് ഓര്‍മിക്കപ്പെടാനിരിക്കുന്നതും ഇവരുടെ പേരിലാവും. ഗുഡ്ബൈ റിയോ!!