നോട്ടുകള്‍ മാറ്റി നല്‍കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതിയില്ല : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

169

ന്യൂഡല്‍ഹി • ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ അനുമതിയില്ലെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനുള്ള അനുമതിയും പിന്‍വലിച്ചു. നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ 24,000 രൂപ വരെ പിന്‍വലിക്കാം. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മറ്റു ബാങ്കുകളില്‍നിന്ന് എത്ര പണവും പിന്‍വലിക്കാം. എല്ലാ ബാങ്കുകള്‍ക്കും ഇതു സംബന്ധിച്ച്‌ റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ അയച്ചു. മറ്റു പൊതുമേഖല ബാങ്കുകളെ പോലെതന്നെ പഴയ നോട്ടുകള്‍ സ്വീകരിച്ച്‌ പുതിയ നോട്ടുകള്‍ നല്‍കുന്നതിനു സഹകരണ ബാങ്കുകള്‍ക്കും അനുമതി നല്‍കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പൂര്‍ണമായും തള്ളിക്കൊണ്ടുള്ളതാണ് ആര്‍ബിഐ തീരുമാനം. അതേസമയം, ആര്‍ബിഐയുടെ ഇപ്പോഴത്തെ തീരുമാനം ഗ്രാമീണ മേഖലയിലെ ജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുക. അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ സഹകരണ ബാങ്കുകള്‍ക്ക് എതിരായ നിലപാടാണ് കേന്ദ്രം കൈക്കൊണ്ടത്. സഹകരണ സംഘങ്ങള്‍ക്കു കള്ളനോട്ട് കണ്ടെത്താന്‍ സംവിധാനമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം, സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റി നല്‍കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു വീണ്ടും കത്തയയ്ക്കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ആര്‍ബിഐ നടപടിയില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.