ഇന്‍ഡോര്‍ • കരുത്തരായ മുംബൈയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഗുജറാത്തിന് ആദ്യ രഞ്ജി ട്രോഫി കിരീടം. മുംബൈ ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പാര്‍ഥിവ് പട്ടേലിന്റെ സെഞ്ചുറി മികവില്‍ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 196 പന്തില്‍ 24 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്ത്യന്‍ താരം കൂടിയായ പാര്‍ഥിവിന്റെ ഇന്നിങ്സ്. മാന്‍പ്രീത് ജുനേജ 54 റണ്‍സെടുത്തു. വിക്കറ്റ് നഷ്ടം കൂടാതെ 47 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത് ഇന്നു ബാറ്റിങ് പുനഃരാരംഭിച്ചത്. ആദ്യ ഇന്നിങ്സില്‍ 100 റണ്‍സിന്റെ ലീഡ് വഴങ്ങേണ്ടി വന്നിട്ടും രണ്ടാം ഇന്നിങ്സില്‍ അഭിഷേക് നായര്‍ നേടിയ 91 റണ്‍സിന്റെ കരുത്തിലാണ് മുംബൈ ഗുജറാത്തിനു മുന്നില്‍ 312 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചത്. മല്‍സരം സമനിലയില്‍ അവസാനിച്ചാലും ഗുജറാത്തിന് ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തില്‍ കിരീടം നേടാമായിരുന്നു.