പാക്കിസ്ഥാന്‍ നരകമല്ലെന്ന പരാമര്‍ശത്തില്‍ മാപ്പു പറയില്ല : നടി രമ്യ

183

ബെംഗളൂരു • പാക്കിസ്ഥാന്‍ നരകമല്ലെന്ന തന്റെ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് നടിയും കര്‍ണാടകയിലെ മണ്ഡ്യയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപിയുമായ രമ്യ. മനസ്സിലുള്ളതു തുറന്നുപറയുന്നതിനുള്ള അവകാശം എനിക്കുണ്ട്. മണ്ഡ്യയിലെ ഒരു പരിപാടിക്കിടെ ഇസ്‍ലാമാബാദിലെ അനുഭവം എങ്ങനെയുണ്ടെന്ന് മാധ്യമങ്ങള്‍ ചോദിച്ചു. അപ്പോഴാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയോടു യോജിക്കുന്നില്ലെന്നു പറഞ്ഞത്. എനിക്ക് ലഭിച്ച പരിചരണം അങ്ങനെയായിരുന്നു. എന്റെ അനുഭവം മാത്രമാണ് പറഞ്ഞത്.
ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ ഖേദം പ്രകടിപ്പിക്കില്ല. എനിക്ക് എന്റേതായ അഭിപ്രായമുണ്ട്. ജനാധ്യപത്യം തരുന്ന സ്വാതന്ത്ര്യമാണത്. മറ്റേതു സാഹചര്യമായിരുന്നുവെങ്കിലും ഞാന്‍ മാപ്പു പറയുമായിരുന്നു.

എന്നാലിപ്പോള്‍ അങ്ങനെ ചെയ്താല്‍ അതെന്റെ പ്രസ്താവന തള്ളിക്കളയുന്നതിനു തുല്യമായിരിക്കും. ബിജെപി നേതാക്കള്‍ ചെയ്ത കാര്യങ്ങള്‍‍ കണക്കിലെടുത്താല്‍ അവര്‍ക്കെതിരെയും നമുക്ക് രാജ്യദ്രോഹത്തിന് കേസ് നല്‍കാന്‍ സാധിക്കും. എന്നാല്‍ നമ്മള്‍ അതെല്ലാം തള്ളിക്കളഞ്ഞു മറ്റു പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയായിരുന്നുവെന്നും രമ്യ പറഞ്ഞു.
‘പാക്കിസ്ഥാന്‍ നരകമല്ല’ എന്ന രമ്യയുടെ എന്ന പരാമര്‍ശത്തിനെതിരെ വലിയ പ്രക്ഷോഭങ്ങളാണ് നടന്നത്. കര്‍ണാടകയില്‍ നിന്നുള്ള അഭിഭാഷകന്‍ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടു പരാതി നല്‍കുകയും ചെയ്തു. പാക്കിസ്ഥാനെ അഭിനന്ദിക്കുന്നതിലൂടെ ഇന്ത്യയെ അപമാനിക്കുകയും ഇന്ത്യക്കാരെ പ്രകോപിപ്പിക്കുകയുമാണ് ചെയ്തതെന്ന് കേസ് നല്‍കിയ കെ.വിട്ടല്‍ ഗൗഡ പറയുന്നു. സോംവാര്‍പേട്ടിലെ ഫസ്റ്റ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കേസ്. രമ്യയ്ക്കെതിരെ ഐപിസി 124എ വകുപ്പ് ചുമത്തണമെന്നാണ് ആവശ്യം. ഇത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുന്ന വകുപ്പാണ്. ഈ മാസം 27നാണ് കേസ് പരിഗണിക്കുക.
പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പാക്കിസ്ഥാനെ നരകത്തോട് താരതമ്യം ചെയ്തതിനെ എതിര്‍ത്താണ് താരം പാക്കിസ്ഥാനെ പുകഴ്ത്തിയത്. പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നത് പോലെയാണ് എന്നായിരുന്നു പരീക്കറിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം സാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനായി ഇസ്ലാമാബാദില്‍ പോയ രമ്യ, മടങ്ങിയെത്തിയപ്പോഴാണ് പാക്കിസ്ഥാനില്‍ ലഭിച്ച സ്വീകരണത്തെക്കുറിച്ച്‌ വാചാലയായത്.
പാക്കിസ്ഥാന്‍ നരകമല്ല. അവിടെയുള്ള ജനങ്ങള്‍ നമ്മളെപ്പോലെ തന്നെയുള്ളവരാണ്. അവര്‍ ഞങ്ങളെ വളരെ നന്നായാണ് സ്വീകരിച്ചത്. ആവശ്യമായ എല്ലാ സൗകര്യങ്ങളും അവര്‍ നല്‍കി – രമ്യ പറഞ്ഞു. എന്നാല്‍, രമ്യയുടെ ഈ അഭിപ്രായത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

NO COMMENTS

LEAVE A REPLY