ഇടയ്ക്കിടയ്ക്ക് കൈ കഴുകാൻ ഓർമ്മിക്കുക: മന്ത്രി വീണാ ജോർജ്

9

തിരുവനന്തപുരം : ഇടയ്ക്കിടയ്ക്ക് ഫലപ്രദമായി കൈ കഴുകാൻ എല്ലാവരും ഓർമ്മിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മളിപ്പോഴും കോവിഡിന്റെ പിടിയിൽ നിന്നും പൂർണമായി മുക്തരല്ല. കോവിഡ് പ്രതിരോധ ത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകർച്ച വ്യാധികളിൽ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും.

ലോക കൈകഴുകൽ ദിനത്തിന്റെ ഭാഗമായി എല്ലാവരും ഫലപ്രദമായി കൈകഴുകുന്നത് അറിഞ്ഞിരിക്കണം. സ്‌കൂളുകൾ കൂടി തുറക്കാൻ പോകുന്ന ഈ ഘട്ടത്തിൽ എല്ലാവരും ഫലപ്രദമായി കൈ കഴുകുന്നതിനെപ്പറ്റി മനസിലാക്കണം. കുട്ടികളെ ചെറിയ പ്രായം മുതൽ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

വെള്ളം കൊണ്ട് മാത്രം കഴുകിയാൽ കൈകൾ ശുദ്ധമാകുകയില്ല. അതിനാൽ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാർഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാൻ ഇതിലൂടെ കഴിയുന്നു.

സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കൊണ്ട് കൈ കഴുകുന്നതാണ് ഫലപ്രദമായ രീതി. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ കോവിഡ് ഉൾപ്പെടെയുള്ള അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാൻ സാധിക്കും. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ ശ്വാസകോശം, ഉദരം, കണ്ണ്, ത്വക്ക് എന്നിവ യിലുണ്ടാകുന്ന അണുബാധകൾ ഒഴിവാക്കാനാകും. മാത്രമല്ല ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങൾ തുടങ്ങിയവ വളരെയധികം കുറയ്ക്കുവാനും ഇതിലൂടെ സാധിക്കും. കൈകൾ കഴുകാതെ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പർശിക്കരുത്.

ഫലപ്രദമായി കൈ കഴുകാനുള്ള എട്ട് മാർഗങ്ങൾ: ആദ്യം ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക, പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക, കൈ വിരലുകൾക്കിടകൾ തേയ്ക്കുക, തള്ളവിരലുകൾ തേയ്ക്കുക, നഖങ്ങൾ ഉരയ്ക്കുക, വിരലുകളുടെ പുറക് വശം തേയ്ക്കുക, കൈക്കുഴ ഉരയ്ക്കുക, നന്നായി വെള്ളം ഒഴിച്ച് കൈ കഴുകി ഉണക്കുക.

NO COMMENTS