199 രൂപയ്ക്ക് ജിയോ കണക്ഷനും ലൈഫ് ഫോണും? വ്യാജ സന്ദേശമെന്ന് കമ്പനി

192

റിലയൻസിന്റെ ഏറ്റവും പുതിയ മൊബൈൽ ബ്രാൻഡ് ആയ ലൈഫും ഫാസ്റ്റസ്റ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉൾപ്പെടുന്ന ജിയോ കണക്ഷനും വെറും 199 രൂപയ്ക്ക് കമ്പനി നൽകുന്നുവെന്ന സന്ദേശം സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ച് വാട്സ് ആപിൽ വ്യാപകമായി പ്രചരിക്കുകയാണ്. മൊബൈൽ മേഖലയിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ റിലയൻസ് ചെയ്യുന്ന കടുംകൈ പ്രയോഗമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു വിൽപനയോ ഓഫറോ ഇല്ലെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി ആരോ വാട്സാപ്പിൽ പ്രചരിപ്പിച്ച വ്യാജ സന്ദേശമാണിതെന്നും കമ്പനി വ്യക്തമാക്കുന്നു.

reliance-4g-lyf.com എന്ന വെബ്സൈറ്റ് ലിങ്ക് ഉൾപ്പെടെയാണ് ഈ വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഈ ലിങ്ക് നിങ്ങളുടെ മൊബൈലിൽ/കമ്പ്യൂട്ടറിൽ തുറക്കരുതെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭാഗ്യവാന്മാരായ വിജയികൾക്ക് കാഷ് ഓൺ ഡെലിവറി സംവിധാനം ഉള്ളതായും ഈ വ്യാജ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ലിങ്കിൽ ക്ലിക്കുചെയ്തു കഴിഞ്ഞാൽ പേരും മൊബൈൽ നമ്പറും സ്മാർട്ട് ഫോൺ കളറും ഉൾപ്പെടെയുള്ളവ നൽകാൻ നിർദ്ദേശങ്ങൾ ലഭിക്കും. മാത്രമല്ല എട്ട് വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഇതു ഷെയർ ചെയ്യാനും സന്ദേശം ആവശ്യപ്പെടും. ഫോൺ ലഭിക്കുന്നതിനായി ഒരു ആപ് ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടും. ഈ ആപ് ഡൗൺലോഡ് ചെയ്തില്ലെങ്കിൽ ഫോണും കണക്ഷൻ നൽകാൻ കഴിയില്ലെന്നും മുന്നറിയിപ്പുണ്ടാകും. ഈ ആപ് ഡൗൺലോഡ് ലിങ്ക് വൈറസ് ബാധിതമാകാമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.

ജിയോ സിമുകൾ ലൈഫ് മൊബൈലുകൾക്കൊപ്പം തന്നെയാണ് ലഭിക്കുന്നത്. എന്നാൽ ഇതിന്റെ വില 2999 രൂപ മുതൽ 20000 രൂപ വരെയാണ്. വൈഫൈ ഹോട്ട്സ്പോട്ടായി ഉപയോഗിക്കാവുന്ന പേഴ്സണൽ ഡിവൈസും ജിയോ വില്പന നടത്തുന്നുണ്ട്.