നടി രേഖയുടെ മരണകാരണം ആത്മഹത്യയല്ലെന്ന് പൊലീസ്

235

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ നടി രേഖയുടെ മരണകാരണം ആത്മഹത്യയല്ലെന്ന് പൊലീസ്. ശനിയാഴ്ച വൈകീട്ട് തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ ഫഌറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം പഴക്കമുള്ള നിലയില്‍, ഡൈനിംഗ് ടേബിളില്‍ തലവെച്ച നിലയിലായിരുന്നു മൃതദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് അരികില്‍ ഉണ്ടായിരുന്ന ഗ്ലാസിലെ പാനീയത്തിന്റെ അവശിഷ്ടം സംശയങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. വിഷം അകത്തുചെന്നല്ല മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെയാണ് ദൂരൂഹതയൊഴിഞ്ഞത്. പാനീയം വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ദീര്‍ഘകാലമായി തൃശൂരിലെ പുഴക്കലിലെ ഫഌറ്റില്‍ രേഖാമോഹന്‍ കുടുംബസമേതം താമസിക്കുന്നു. വിദേശത്തായിരുന്ന ഭര്‍ത്താവ് മോഹന്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഡ്രൈവറെ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവറെത്തി കോളിംഗ് ബെല്ലടിച്ചിട്ടും ഫഌറ്റ് തുറന്നില്ല. പിന്നീട് പൊലീസെത്തി വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴായിരുന്നു രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നീ വരുവോളം, ഉദ്യാനപാലകന്‍, യാത്രമൊഴി, ഉദ്യാനപാലകന്‍ തുടങ്ങിയ എന്നീ സിനിമകളിലും സീരിയലുകളിലും രേഖാമോഹന്‍ അഭിനയിച്ചിട്ടുണ്ട്.