റയല്‍ മഡ്രിഡിനു സമനില

234

മഡ്രിഡ് • ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കളിപൂര്‍ത്തിയാകും മുന്‍പു കോച്ച്‌ പിന്‍വലിച്ച മല്‍സരത്തില്‍ റയല്‍ മഡ്രിഡിനു സമനിലക്കുരുക്ക്. ലാസ്പാമസാണ് റയലിനെ 2-2നു പിടിച്ചുകെട്ടിയത്. സ്പോര്‍ട്ടിങ് ഗിജോണിനെ അഞ്ചു ഗോളിനു തകര്‍ത്തു ബാര്‍സ ലാലിഗയില്‍ പോയിന്റ് പട്ടികയില്‍ മുന്നേറിയ ദിവസമാണു റയലിനു വിലപ്പെട്ട രണ്ടു പോയിന്റ് നഷ്ടമായത്.ചൊവ്വാഴ്ച ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ നേരിടാനുള്ളതുകൊണ്ടാണു റൊണാള്‍ഡോയെ പിന്‍വലിച്ചതെന്നു റയല്‍ കോച്ച്‌ സിനദിന്‍ സിദാന്‍ പറഞ്ഞു. ഫുള്‍ ടൈം ഗ്രൗണ്ടില്‍ കളിക്കണമെന്നാഗ്രഹമുള്ളയാളാണു റൊണാള്‍ഡോയെന്നു തനിക്കറിയാമെന്നും തന്റെ കളിക്കാരുടെ കാര്യം തനിക്കു നോക്കേണ്ടി വരുമെന്നും കോച്ച്‌ വ്യക്തമാക്കി.കോച്ച്‌ പിന്‍വലിച്ചതിലുള്ള ദേഷ്യം റൊണാള്‍ഡോയുടെ മുഖത്തുണ്ടായിരുന്നു. പതിനാറു ലാലിഗ മല്‍സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചു റെക്കോര്‍ഡിനൊപ്പമെത്തിയ റയല്‍ കഴിഞ്ഞയാഴ്ച വിയ്യാറയലിനെതിരെ സമനില വഴങ്ങിയിരുന്നു.
മാര്‍ക്കോ അസന്‍സിയോയിലൂടെ റയലാണു ലീഡ് നേടിയത്. മുപ്പത്തിമൂന്നാം മിനിറ്റില്‍. അഞ്ചു മിനിറ്റിനുള്ളില്‍ ലാസ്പാസ് തൗനാസുവിലൂടെ തിരിച്ചടിച്ചു. അന്‍പത്തിയാറാം മിനിറ്റില്‍ റൊണാള്‍ഡോ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. കരിം ബെന്‍സേമ അറുപത്തേഴാം മിനിറ്റില്‍ റയലിന്റെ ലീഡുയര്‍ത്തി. റയല്‍ മല്‍സരം ജയിച്ചുവെന്നു തോന്നിച്ച ഘട്ടത്തിലാണു റൊണാള്‍ഡോയെ തിരികെ വിളിച്ചത്. കളി അവസാനിക്കാന്‍ ആറുമിനിറ്റു ബാക്കിനില്‍ക്കെ അരൗജോയിലൂടെ ലാസ്പാമസ് സമനില പിടിച്ചു. മാര്‍സലോയും കാസിമിറോയും കളിക്കാതിരുന്നതിന്റെ അഭാവം റയലിന്റെ കളിയില്‍ തെളിഞ്ഞുനിന്നു

NO COMMENTS

LEAVE A REPLY