ലൈഫില്‍ ജീവിതം കളറായ സന്തോഷത്തില്‍ രത്നവതിയും കുടുംബവും.

61

കാസര്‍ഗോഡ്: ബേഡഡുക്ക ചുള്ളിയിലെ രത്നവതിയും കുടുംബവും ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട്ടില്‍ സന്തുഷ്ടരാണ്. ഇരുപത് വര്‍ഷക്കാലത്തോളം വാടക വീട്ടില്‍ കഴിഞ്ഞ കുടുംബത്തിന് സ്വന്തമെന്ന പറയാന്‍ ഒരു തരി മണ്ണ് പോലും ഇല്ലായിരുന്നു. 2013 ല്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച പട്ടയ ഭൂമിയാണ് ഇന്ന് ഈ കുടുംബത്തിന് സ്വന്തമായുള്ളത്. മകളും മകനും കൂലിപ്പണിക്കാരനായ ഭര്‍ത്താവും അടങ്ങിയതാണ് രത്നവതിയുടെ കുടുംബം.

വീട് വെക്കാന്‍ ശേഷിയില്ലാത്തതിനാല്‍ പിന്നേയും അവര്‍ വാടകയ്ക്ക് കഴിഞ്ഞു. അതിനിടയില്‍ മൂത്ത മകളുടെ കല്ല്യാണം വാടക വീട്ടില്‍ നടത്തി. അപ്പോഴും സ്വന്തമായി ഒരു വീട് വെക്കാനുള്ള യാതൊരു വഴിയും ഇല്ലായിരുന്നു ഇവര്‍ക്ക്. വൃക്ക രോഗത്തിന് അടിപ്പെട്ട ഭര്‍ത്താവിന് ജോലിചെയ്യാന്‍ ബുദ്ധിമുട്ടയതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ രത്നവതിയുടെ തൊഴിലുറപ്പ് ജോലി മാത്രമായി ആശ്രയം.

വാടക ബാധ്യതയായി തുടങ്ങിയപ്പോള്‍ പട്ടയം കിട്ടിയ സ്ഥലത്ത് ചെറിയ വിലക്ക് കിട്ടുന്ന കല്ലുകള്‍ വെച്ച് ഒരു വീടുണ്ടാക്കി ഷീറ്റും ഓടുകൊണ്ട് മേല്‍ക്കൂര മാത്രം കെട്ടി അതിനടിയില്‍ താമസിച്ചു. അങ്ങനെയിരിക്കെയാണ് 2019 ല്‍ കേരള സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ രത്നവതിക്ക് വീട് ലഭിക്കുന്നത്.

അടച്ചുറപ്പുള്ള സുരക്ഷിത ഭവനത്തില്‍ ഇനി ഇവര്‍ക്ക് താമസിക്കാം. സര്‍ക്കാര്‍ കരുതലില്‍ പണിത പണി പൂര്‍ത്തിയായ വീട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകനും രത്നവതിയും ഭര്‍ത്താവും നിറഞ്ഞ സന്തോഷത്തിലാണ്.

NO COMMENTS