മൂന്നര വയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം ചവറ്റുകുട്ടയില്‍ തള്ളി

202

ന്യൂഡല്‍ഹി: മൂന്നര വയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച അയല്‍വാസി അറസ്റ്റില്‍. നോര്‍ത്ത് ഡല്‍ഹിയിലെ ഹരിജന്‍ ബസ്തി സ്വദേശിയായ ബല്‍ബീര്‍ (35) ആണ് അറസ്റ്റിലായത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടിയുടെ നിലഗുരുതരമാണ്. കഴിഞ്ഞ ഒമ്ബത് മണിക്കൂറുകളായി കുട്ടി ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചയാണ് കുട്ടിയെ അവശനിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ആനന്ദ് പര്‍ബത്ത് സ്വദേശിയായ പെണ്‍കുട്ടിയാണ് തിങ്കളാഴ്ച രാത്രി പീഡനത്തിനിരയായത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത തക്കം നോക്കിയെത്തിയ പ്രതി പെണ്‍കുട്ടിയെ റെയില്‍വേ ട്രാക്കിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ഉപദ്രവിക്കുകയുമായിരുന്നു.

ഇതിനുശേഷം പെണ്‍കുട്ടിയെ ചവറ്റുകുഴിയില്‍ തട്ടിയിട്ടശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താനും ശ്രമിച്ച പ്രതി കുട്ടി മരിച്ചുവെന്ന ധാരണയിലാണ് അവിടെ നിന്നും പോയതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മധൂര്‍ വര്‍മ്മ പറഞ്ഞു. ബല്‍ബിര്‍ മദ്യലഹരിയിലാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. സംഭവദിവസം ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട ആറ് വയസ്സുള്ള സഹോദരിയാണ് വിവരം രക്ഷതാക്കളെ അറിയിച്ചത്. രക്ഷിതാക്കള്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ബീര്‍ബലിനെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടി മരിച്ചു എന്നാണ് ബാല്‍ബിര്‍ പോലീസിന് നല്‍കിയ മൊഴി. പക്ഷേ പോലീസ് എത്തിയപ്പോള്‍ കുട്ടി ബോധരഹിതയായിരുന്നെങ്കിലും ജീവനുണ്ടായിരുന്നെന്ന് വര്‍മ്മ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്ബാണ് ബിഹാറില്‍ നിന്നും ബല്‍ബീര്‍ ജോലിക്കായി ഡല്‍ഹിയിലെത്തിയത്. പീഡനത്തിനരയായ കുട്ടിയുടെ അച്ഛനൊപ്പമാണ് ജോലി ചെയ്തിരുന്നത്.