ഒമ്പതു വയസ്സുള്ള ഇരട്ടപെണ്‍കുട്ടികളെ പീഡിപ്പിച്ചു; പിതാവിനും മകനും എതിരേ ബലാത്സംഗത്തിന് കേസ്

148

ഹൈദരാബാദ്: ഇരട്ടകളായ ഒന്പതു വയസ്സുകാരികളെ ഒരേസമയം പീഡിപ്പിച്ചിരുന്ന അയല്‍ക്കാരനായ പിതാവിനും അയാളുടെ പ്രായപൂര്‍ത്തിയാകാത്ത മകനും എതിരേ ബലാത്സംഗത്തിന് കേസ്. ഹൈദരാബാദ് മെയ്ലര്‍ ദേവ് പള്ളി ഏരിയയില്‍ നടന്ന സംഭവത്തില്‍ ജാഫര്‍ എന്നയാള്‍ക്കും ഇയാളുടെ മകന്‍ 16 കാരനും എതിരേയാണ് ആരോപണം. അയല്‍ക്കാരായ സഹോദരിമാരെ ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നെന്നും പെണ്‍കുട്ടികളുടെ ഒരു ബന്ധു ഇക്കാര്യത്തില്‍ പിതാവിനെയും പുത്രനെയും സഹായിച്ചെന്നും പെണ്‍കുട്ടികളുടെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. മെയ്ലര്‍ ദേവ് പള്ളി പോലീസ് സ്റ്റേഷനിലായിരുന്നു ഇവര്‍ പരാതി നല്‍കിയത്. കുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗത്തോട് പീഡന വിവരം പെണ്‍കുട്ടികള്‍ പറയുകയും ഇയാള്‍ പിന്നീട് കുട്ടികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയിലെ ഉദ്യോഗസ്ഥനെ അറിയിക്കുകയും ഇവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ശിശുപീഡനത്തിനാണ് പിതാവിനും പുത്രനും എതിരേ കേസ് എടുത്തിരിക്കുന്നത്. നേപ്പാളില്‍ നിന്നുള്ളവരാണ് ഇരകള്‍. ഇന്ത്യയിലേക്ക് കുടിയേറിയ ഇവര്‍ ഹൈദരാബാദില്‍ താമസമാക്കുകയായിരുന്നു.