പാക്കിസ്ഥാന്‍ നരകമല്ലെന്ന് പറഞ്ഞ നടി രമ്യയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ഹര്‍ജി

229

ബംഗളുരു: കന്നഡ നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ രമ്യക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. കര്‍ണാടകയിലെ അഭിഭാഷകന്‍ കെ വിറ്റല്‍ ഗൗഡയാണ് സോവംവാര്‍പെട്ടിലെ ഫസ്റ്റ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹര്‍ജി സമര്‍പിച്ചിരിക്കുന്നത്.നേരത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമാണെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് പാക്കിസ്ഥാന്‍ നരകമല്ലെന്ന് രമ്യ അഭിപ്രായപ്പെട്ടത്.

ഇതിന് മറുപടിയെന്നോണമാണ് സാര്‍ക് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നടി പാക്കിസ്ഥാനിലെ ജനങ്ങള്‍ വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്ന് പറഞ്ഞത്. ‘പാക്കിസ്ഥാന്‍ നരകമല്ല. നമ്മെപ്പോലുള്ളവരാണ് അവിടെയുമുള്ളത്.’ രമ്യ പറഞ്ഞു. ഞായറാഴ്ച്ച മാണ്ഡ്യയില്‍ നടന്ന ചടങ്ങിലായിരുന്നു രമ്യയുടെ പാക് പരാമര്‍ശം.
പാക്കിസ്ഥാനെ പുകഴ്ത്തിയ രമ്യ ഇന്ത്യയെ അപമാനിച്ചെന്നും പ്രകോപിച്ചെന്നും ആരോപിച്ചാണ് ഹര്‍ജി. അഭിഭാഷകന്റെ ഹര്‍ജിയില്‍ ശനിയാഴ്ച്ച വാദം കേള്‍ക്കും. രമ്യക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ മാണ്ഡ്യയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. രമ്യയ്ക്കെതിരെ തെറിവിളികളുമായി സോഷ്യല്‍ മീഡിയയിലൂടെ ബിജെപി, എബിവിപി അനുകൂലികളും രംഗത്തെത്തിയിരുന്നു.