അനന്തമായ അനുഗ്രഹ പ്രവാഹത്തിന്റെ കാലം

400

maka_2009_by_xmangfx

അല്ലാഹുവിന്റെ അനന്തമായ അനുഗ്രങ്ങളുടെ പ്രവാഹമായി റമളാന്‍ ഒരിക്കല്‍ കൂടി വന്നെത്തിയിരിക്കുന്നു. വിശ്വാസിലോകം ഇന്ന് റമളാനിലെ ആദ്യ വെള്ളിയിലെത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ മനസ്സും ശരീരവും ജീവിത ക്രമങ്ങളും റമളാനെ സ്വീകരിക്കാന്‍ നീക്കിവെക്കുന്ന വിശ്വാസികള്‍ ഭാഗ്യവാന്മാരാണ്.
സൃഷ്ടാവിന്റെ കാരുണ്യപ്രവാഹം ഏറ്റുവാങ്ങി ആത്മീയ വിശുദ്ധി നേടാന്‍ കാത്തിരിക്കുകയാണ് വിശ്വാസികള്‍. ഇനി ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഈ തിരിച്ചറിവാണ് വിശ്വാസത്തിന്റെ മാറ്റ് കൂട്ടുന്നത്. പുണ്യങ്ങള്‍ക്ക് പ്രതിഫലങ്ങള്‍ വാരിച്ചൊരിഞ്ഞ് നല്‍കുന്ന അവസരത്തില്‍ അവ നേടിയെടുക്കാന്‍ വിമുഖത കാട്ടുന്നവര്‍ ഒടുവില്‍ ഖേദിക്കുക തന്നെ ചെയ്യും.
കാരുണ്യമാണ് അല്ലാഹു. മനുഷ്യന്റെ പാപങ്ങള്‍ സമ്പൂര്‍ണമായും പൊറുപ്പിക്കാന്‍ അവന്റെ സ്രഷ്ടാവ് അവന് കനിഞ്ഞേകിയ വിശുദ്ധി ദിനരാത്രികളാണ് വന്നണഞ്ഞിരിക്കുന്നത്. പാപമോചനത്തിന്റെ മാസമാണിത്. റമദാനില്‍ അല്ലാഹു തന്റെ അടിമകള്‍ക്കായി സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറിന്നിടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കുകയും ചെയ്യുന്നു.
പിശാചുകളെ പിടിച്ചു കെട്ടുകയും സത്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് മറ്റ് മാസത്തേക്കാള്‍ ഇരട്ടി പ്രതിഫലം വഗ്ദാനം ചെയ്തിരിക്കുന്നു. മനുഷ്യ മനസ്സിനെ മലിനതകളില്‍ നിന്ന് മുക്തമാക്കാനുള്ള അവസരങ്ങള്‍ നാം മുതലാക്കണം. മനുഷ്യന്‍ പൊതുവെ ലഭിക്കുന്ന അവസരങ്ങള്‍ വിനിയോഗിക്കാതിരിക്കുകയും അവസാനം സമയങ്ങള്‍ നഷ്ടപ്പെട്ട് പോയതിന്റെ പേരില്‍ ഖേദിക്കുകയും ചെയ്യുന്നവനാണ്. അത് ഒരു ഗുണവും ചെയ്യില്ല.
അഞ്ച് ദിവസം മുമ്പ് വരെ ജീവിച്ച പോലെയല്ല ഇനി നമ്മുടെ ജീവിതം വേണ്ടത്. റമളാനിനെ അവഗണിക്കുന്ന ഒന്നും നമ്മുടെ വാക്കിലോ പ്രവര്‍ത്തിയിലോ ഇല്ലാതിരിക്കാന്‍ നാം പരമാവധി ശ്രദ്ധിക്കണം. വിശുദ്ധ മാസം നമുക്ക് അനുകൂലമായി നില്‍ക്കുന്ന അവസരം ഉണ്ടാക്കിയെടുക്കണം. ഓരോ നിമിഷവും അല്ലാഹുവിന് ഇബാദത്ത് ചെയ്യാനുള്ള അവസരമായി നാം കാണണം.
മനുഷ്യന് ആസ്വാദകരവും ആനന്ദകരവുമായ താത്പര്യങ്ങളെ നിയന്ത്രിച്ച് ആത്മസംയമനം ഉള്‍ക്കൊള്ളുന്നതിലാണ് നോമ്പിന്റെ മഹത്വം. അനാവശ്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യരുത്. എങ്കില്‍ മാത്രമെ നോമ്പിന്റെ ഗുണം ലഭിക്കൂ. കുറ്റകരമായി വാക്കുകളും പ്രവര്‍ത്തികളും ഉപേക്ഷിക്കാതെ നോമ്പ് എന്ന പേരില്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാവിനു താല്‍പര്യമില്ല. അതിനാല്‍ നോമ്പിന്റെ പവിത്രത കളഞ്ഞ് കുളിക്കാതെ വളരെ സൂക്ഷ്മതയോടെ കൂടി നോമ്പെടുക്കുക.
നമ്മുടെ സകല അവയവങ്ങളും അല്ലാഹുവിന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചില ദുര്‍ബല സാഹചര്യങ്ങളില്‍ നിയന്ത്രണം വിട്ടോടുകയും ആപല്‍കരമായ അപകടങ്ങള്‍ വരുത്തിവെയ്ക്കുകയും ചെയ്യുന്നു. അതില്‍ നിന്നൊക്കെയുള്ള പരിചയാണ് നോമ്പ്. അസത്യ പ്രസ്താവനകളും ദുര്‍വൃത്തികളും അവസാനിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ ഭക്ഷണവും പാനീയവും വെടിഞ്ഞിരിക്കണമെന്ന ആവശ്യം അല്ലാഹുവിനില്ല (ബുഖാരി)
റമളാനിനെ വരവേല്‍ക്കാന്‍ പാകപ്പടാത്ത മനസ്സ് വിശ്വാസ ജീര്‍ണത ബാധിച്ച മനസ്സാണെന്ന് നാം ഓര്‍ക്കണം. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതിലല്ല കാര്യം. ആത്മീയതയെ ഉത്തേജിപ്പിക്കുന്നതിലാണെന്ന് നാം തിരിച്ചറിയുകയും അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തി വിശുദ്ധി കൈവരിക്കാന്‍ പരമാവധി പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍

NO COMMENTS

LEAVE A REPLY