കാസർകോട് ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ പങ്കെടുക്കാൻ എത്തിയ രമേശ് ചെന്നിത്തല സമ്മേളന വേദിയിലേക്കുള്ള ലിഫ്റ്റിൽ കുടുങ്ങി. അര മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് നേതാക്കളെയും അഗ്നിശമന സേനാവിഭാഗം എത്തിയാണ് പുറത്തിറക്കിയത്.
രാവിലെ 11.05ന് കാസർകോട് ജില്ലാ സഹകരണ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിലാണ് സംഭവം.
ലിഫ്റ്റ് രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയിൽ എത്തിയപ്പോൾ കറണ്ട് പോവുകയായിരുന്നു. ഇതോടെ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചു. നിമിഷങ്ങൾക്കുള്ളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ലിഫ്റ്റ് പണിമുടക്കി.
ബാങ്കിലെ സാങ്കേതിക വിദഗ്ധരും പൊലീസും തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. തുടർന്ന് 11. 40 ഒാടെ ലിഫ്റ്റിന്റെ മൂന്നാം നിലയിലേക്കുള്ള വാതിലിന്റെ പൂട്ട് അഴിച്ച് പ്രതിപക്ഷ നേതാവിനെയും മറ്റ് നേതാക്കളെയും പുറത്തിറക്കുകയായിരുന്നു.
യോഗം അവസാനിച്ച ശേഷം ഇനി ഇവിടെ ലിഫ്റ്റിൽ കയറാനില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് പടവുകൾ ഇറങ്ങിയാണ് തിരിച്ചു പോയത്.