ഭൂതകാലത്തിലെ ദുരാചാരപ്രേതങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

168

തിരുവനന്തപുരം: നവോത്ഥാന നായകന്മാരുടെ പ്രവര്‍ത്തനഫലമായി തുടച്ചുമാറ്റിയ മാറാലകെട്ടിയ ഭൂതകാലത്തിലെ ദുരാചാരപ്രേതങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍.എസ്.എസും സംഘപരിവാറും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടമ്പിസ്വാമിയുടെ 163-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന നായകനായി പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തിലെ തനിയാവര്‍ത്തനം നടപ്പിലാക്കാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസ്സ് ഗൗരവമായിട്ടാണ് കാണുന്നത്. അടുത്തകാലത്തായി ഒരിക്കലുമില്ലാത്തവിധം ജാതിമത ശക്തികള്‍ അഴിഞ്ഞാടുമ്പോള്‍ അതിനുള്ള മറുപടിയായിട്ടാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസം അധികം ആര്‍ജ്ജിക്കാതെതന്നെ ലോകത്തിന് നന്മയുടെ വെളിച്ചം നല്‍കിയ ചട്ടമ്പിസ്വാമികളുടെ ജീവിതം ഏവര്‍ക്കും പ്രചോദനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചട്ടമ്പിസ്വാമി ഉള്‍പ്പെടെയുള്ള നവോത്ഥാന നായകന്മാരെ അനുസ്മരിക്കുകയും അവരുടെ പേരില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ്. ഹിംസയുടെ പാതയിലാണ്. അവര്‍ ബോംബ് നിര്‍മ്മാണം കുടില്‍വ്യവസായമാക്കിയിരിക്കുന്നു. പ്രസംഗത്തില്‍ മാത്രം സമാധാനം പ്രഖ്യാപിക്കുന്നവര്‍ പ്രവര്‍ത്തിയിലുടനീളം അക്രമം നടത്തുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.