മന്ത്രിസഭാ തീരുമാനങ്ങള്‍: സര്‍ക്കാരിനെ എതിര്‍ത്ത് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍

184

കൊച്ചി • മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന 2016 ജൂണ്‍ 15ലെ മുഖ്യവിവരാവകാശ കമ്മിഷണറുടെ ഉത്തരവു റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍. സര്‍ക്കാര്‍ ഹര്‍ജി ദുരുദ്ദേശ്യപരമാണെന്ന് ആരോപിച്ച്‌ ചെന്നിത്തല കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കി.
മന്ത്രിസഭാ തീരുമാനങ്ങള്‍ ലഭ്യമാക്കാന്‍ ബാധ്യതയില്ലെന്നു പറയുന്നതു നിയമപരമായി നിലനില്‍ക്കില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. മന്ത്രിസഭ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ക്ക് ആധാരമായ രേഖകള്‍ രഹസ്യമായി സൂക്ഷിക്കുന്നതുകൊണ്ട് എന്തു താല്‍പര്യ സംരക്ഷണമാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു മനസിലാകുന്നില്ല.

ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുകയോ ബന്ധപ്പെട്ട വകുപ്പുകളിലേക്കു റഫര്‍ ചെയ്യുകയോ ചെയ്യുകയെന്ന ബാധ്യതയില്‍നിന്നു ചീഫ് സെക്രട്ടറിക്ക് ഒഴിഞ്ഞുമാറാനാവില്ല. പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കളയണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.