ഒരു മതവും തീവ്രവാദം ഉത്പാദിപ്പിക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

179

കൊച്ചി ∙ ഒരു മതവും തീവ്രവാദം ഉത്പാദിപ്പിക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപക്വ മനസുകളിൽ നിന്നാണു ഭീകരവാദമുണ്ടാകുന്നത്. അതിനു പിന്നിൽ സാമ്രാജ്യത്വ ശക്തികളും പ്രശ്നങ്ങളുണ്ടാക്കണമെന്ന് തീരുമാനിച്ചുറച്ച സംഘടിത സംഘങ്ങളുമാണ്. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാണ്. ബിജെപിയും സംഘപരിവാർ സഘടനകളും മതവികാരം ചൂഷണം ചെയ്തു നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടം തന്നെ വർഗീയത വളർത്തുന്നതു തുടർന്നാൽ ആപത്കരമായ സ്ഥിതിയിലേക്കു രാജ്യത്തിന്റെ സാമൂഹികാവസ്ഥ മാറും. മുസ്‌ലിം സമുദായത്തിലെ ഏതാനും പേർ ഐഎസിൽ ചേർന്നതിന്റെ പേരിൽ സമുദായത്തെ മൊത്തം തീവ്രവാദികളായി ചിത്രീകരിക്കാനുള്ള ശ്രമം ശരിയല്ല. കുറ്റം ആരു ചെയ്താലും കുറ്റമാണ്. അതിനെ മതത്തിന്റെ പേരിൽ ചിത്രീകരിക്കരുത്.

ചെറുപ്പക്കാർക്കു നല്ല വഴികൾ കാട്ടിക്കൊടുക്കണം. ശരിയായ മതപഠനം നൽകുകയാണു വേണ്ടത്. ശരിയായ രീതിയിൽ മതത്തെ മനസിലാക്കിയാൽ ആരും ആയുധമെടുക്കില്ല. ഒരു മതവും ആരെയും ഹിംസിക്കാൻ നിർദേശിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ഭീകരവാദത്തിനെതിരെ മുസ്‌ലിം കോഒാർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY