പ്രധാനമന്ത്രി നരേന്ദ്ര മോഡി തുക്കിന്‍റെ പുതിയ അവതാരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

151

തിരുവനന്തപുരം: നരേന്ദ്ര മോഡി തുക്കിന്‍റെ പുതിയ അവതാരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ടുകള്‍ പിന്‍വലിക്കുകയെന്ന തീരുമാനം നടപ്പിലാക്കേണ്ടിയിരുന്നത് വേണ്ടത്ര മുന്നൊരുക്കത്തോടെയാണ്. എന്നാല്‍ ഒരു ബദല്‍ സംവിധാനവും ഒരുക്കാതെ രാത്രി നോട്ടുകള്‍ പിന്‍വലിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. മുന്‍കരുതലില്ലാതെ ഒരു രാത്രി രാജ്യത്തെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം തുക്കിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. നോട്ടുകള്‍ അസാധുവാക്കിയതോടെ ജനങ്ങള്‍ നിത്യചെലവിന് പണമില്ലാതെ നരകിക്കുകയാണ്. ഇതെല്ലാം ചെയ്തുവച്ച പ്രധാനമന്ത്രി ജപ്പാനില്‍ ഉല്ലാസയാത്രയിലാണ്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഭരണാധികാരിക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയില്ല. അഞ്ചാം ദിവസമായിട്ടും പ്രതിസന്ധിക്ക് പരിഹാരമായില്ല. പണത്തിനായി ജനങ്ങള്‍ പൊരിവെയിലത്ത് ക്യൂ നില്‍ക്കുകയാണ്. എ.ടി.എമ്മുകളില്‍ ഇപ്പോഴും പണമില്ല. റിസര്‍വ് ബാങ്ക് ആവശ്യത്തിന് നോട്ട് എത്തിക്കാത്തതിനാല്‍ അടുത്തൊന്നും പ്രതിസന്ധി തീരില്ലെന്നാണ് ബാങ്ക് അധികൃതര്‍ തന്നെ പറയുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇടപാടുകള്‍ ഓണ്‍ലൈനായി നടത്താന്‍ പറയുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഏത് ഗ്രഹത്തിലാണ് ജീവിക്കുന്നത്. നിത്യപട്ടിണിക്കാരായ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് എവിടെയാണ് ഓണ്‍ലൈന്‍ സംവിധാനം. മോഡി അവകാശപ്പെടുന്നത് പോലെ ഈ നടപടിയിലൂടെ കള്ളപ്പണക്കാരെ കുടുക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണമെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS

LEAVE A REPLY