നിയമസഭയില്‍ താന്‍ അവതരിപ്പിച്ച ഹര്‍ത്താല്‍ ബില്ലില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല

155

തിരുവനന്തപുരം: നിയമസഭയില്‍ താന്‍ അവതരിപ്പിച്ച ഹര്‍ത്താല്‍ ബില്ലില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താല്‍ ബില്‍ അവതരിപ്പിച്ച ആള്‍ തന്നെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെന്നവിമര്‍ശത്തെത്തുടര്‍ന്നാണ് ചെന്നിത്തലയുടെ വിശദീകരണം. ഫെയ്സ് ബുക്കിലൂടെയാണ് ചെന്നിത്തലയുടെ വിശദീകരണം.തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താന്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനും വിമര്‍ശമുന്നയിച്ചിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനും രംഗത്ത് വന്നിരുന്നു.താന്‍ അവതരിപ്പിച്ചത് ഹര്‍ത്താല്‍ നിരോധന ബില്ലല്ല നിയന്ത്രണ ബില്ലാണെന്ന് ചെന്നിത്തല വിശദീകരിക്കുന്നു. ഇടതുപക്ഷത്തിന്റെ തെറ്റായ സമീപനം മൂലമാണ് അന്ന് ബില്‍ നിയമസഭയില്‍ പാസാകാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

നിയമസഭയില്‍ ഞാന്‍ അവതരിപ്പിച്ച ഹര്‍ത്താല്‍ ബില്ലില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. അത് ഹര്‍ത്താല്‍ നിരോധന ബില്ലല്ല നിയന്ത്രണ ബില്ലാണ്. ഇടതുപക്ഷത്തിന്റെ തെറ്റായ സമീപനം മൂലമാണ് അന്ന് ബില്‍ നിയമസഭയില്‍ പാസാകാതിരുന്നത്. സി പി എമ്മും ഇടതു പക്ഷവും കടുത്ത എതിര്‍പ്പാണ് ആ ബില്ലിനെതിരെ നിയമസഭയില്‍ അന്നുയര്‍ത്തിയത്.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി നിരാഹാരം സമരം നടത്തുന്ന പന്തലിലേക്ക് പൊലീസ് കഴിഞ്ഞ ദിവസം ഗ്രനേഡ് പ്രയോഗിച്ചു. വി എസ് അച്യുതാന്ദന്‍ നില്‍ക്കുന്നതിന്റെ മീറ്റുകള്‍ക്കപ്പുറത്ത് ഗ്രനേഡ് വീണ് പൊട്ടിയെന്ന് പറഞ്ഞ് എന്തെല്ലാം കോപ്രായങ്ങളാണ് ഇവര്‍ പണ്ട് കാട്ടിക്കൂട്ടിയത്. ഇവിടെ കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്റെ അടുത്ത് വീണ് ഗ്രനേഡ് പൊട്ടിയത്. അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യവുമുണ്ടായി. നിരാഹാരം സമരത്തിലായിരുന്ന യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാക്കുകയും ചെയ്തു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, തുടങ്ങിയ സ്ഥലങ്ങളില്‍ മൃഗീയമായ പൊലീസ് മര്‍ദ്ധനമാണ് സമരം ചെയ്ത ചറുപ്പക്കാര്‍ക്കെതിരെ അഴിച്ചുവിട്ടത്. ഭീകരമായ പൊലീസ് തേര്‍വാഴ്ചക്കെതിരെ ശക്തമായ പ്രതികരിക്കണമെന്നും അതിനായി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെന്നുമായിരുന്നു പൊതുവികാരം. എന്നാല്‍ യു ഡി എഫ് നേതൃയോഗം തിരുവനന്തപുരത്ത് മാത്രമായി ഹര്‍ത്താല്‍ പ്രഖ്യാപിക്കാനായിരുന്നു തിരുമാനിച്ചത്.
സ്വാശ്രയ കൊള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസ് -കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ ഐതിഹാസിക സമരത്തിന്റെയും, അതിനെ നേരിടാനെന്നപേരില്‍ പൊലീസ് നടത്തിയ നരനായാട്ടിനെതിരെയുള്ള പ്രതിഷേധത്തിന്റെയും സ്പിരിറ്റ് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ് തിരുവനന്തപുരത്ത് മാത്രം ഹര്‍ത്താല്‍ നടത്താന്‍ തിരുമാനിച്ചത്. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു.
തികച്ചും അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമുള്ള പ്രതിഷേധമെന്ന നിലയിലാണ് ഞങ്ങള്‍ ഹര്‍ത്താലിനെ നോക്കിക്കാണുന്നത്. അത് കൊണ്ടാണ് ഹര്‍ത്താല്‍ നിയമന്ത്രണ ബില്ല് എന്ന പേര് അതിന് നല്‍കിയത്. അടിയന്തിര ഘട്ടങ്ങളില്‍ മാത്രം പ്രഖ്യാപിക്കാനുള്ളതാണ് ഹര്‍ത്താല്‍ എന്നതില്‍ ഞാന്‍ ഉറച്ചു നിില്‍ക്കുന്നു. ഇന്നത്തെ ഹര്‍ത്താല്‍ അടിയന്തിരവും, അനിവാര്യവുമായിരുന്നു. ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ. ഈ ബില്ല് പാസാക്കാന്‍ അന്ന് ഇടതു പക്ഷം സഭയില്‍ സഹകരിച്ചിരുന്നെങ്കില്‍ ഈ ഹര്‍ത്താല്‍ നടക്കില്ലായിരുന്നു.