കണ്ണൂരില്‍ സി.പി.എമ്മും ബി.ജെ.പിയും ആയുധം താഴെയിട്ടാല്‍ സമാധാനമുണ്ടാകും : രമേശ് ചെന്നിത്തല

191

തിരുവനന്തപുരം: കണ്ണൂരിലെ അക്രമത്തില്‍ പരസ്പരം പഴിചാരുന്നതിനു പകരം സി.പി.എമ്മും ബി.ജെ.പിയും ആയുധം താഴെയിട്ടാല്‍ സമാധാനമുണ്ടാകുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ സി.പി.എം. അക്രമങ്ങളെക്കുറിച്ചു സി.ബി.ഐ അന്വേഷണം വേണമെന്നാണു ബി.ജെ.പി. ആവശ്യപ്പെടുന്നത്. അതേസമയം ബി.ജെ.പിയും ആര്‍.എസ്.എസും അണികളെ നിലയ്ക്കുനിര്‍ത്തണമെന്നാണു സി.പി.എം. സംസ്ഥാന സെക്രട്ടറി പറയുന്നത്. എന്നാല്‍ ഇരുകൂട്ടരും ചേര്‍ന്ന് ക്രമസമാധനനില വഷളാക്കുകയാണ്. പോലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചതാണ് ഇതിനു കാരണമെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കണ്ണൂരിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ചു 22ന് യു.ഡി.എഫ് കണ്ണൂരില്‍ സമാധാന സമ്മേളനം നടത്തുമെന്നും രമേശ് പറഞ്ഞു.
യു.ഡി.എഫിന്‍റെ ഭരണത്തില്‍ കണ്ണൂര്‍ ശാന്തമായിരുന്നു. അക്രമമുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നു എല്ലാവര്‍ക്കും ഭയമുണ്ടായിരുന്നു. ആരായാലും മുഖംനോക്കാതെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ പോലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചതിനാലാണ് ഇപ്പോള്‍ വീണ്ടും അക്രമങ്ങള്‍ വ്യാപകമായിരിക്കുന്നത്. പാര്‍ട്ടി ഓഫീസില്‍ നിന്നു നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടിക്കുന്ന സന്പ്രദായം വീണ്ടും ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെയും നാട്ടിലാണ് അക്രമം നടക്കുന്നത്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിതന്നെ പോലീസ് സ്റ്റേഷനുളളില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തതോടെ പോലീസിന്‍റെ ആത്മവീര്യം നഷ്ടമായി. കണ്ണൂരില്‍ ഇത്രയും അക്രമങ്ങള്‍ ഉണ്ടായിട്ടും ഒരു സമാധാനയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. യു.ഡി.എഫിന്‍റെ കാലത്തു സര്‍വകക്ഷിയോഗം വിളിച്ചു പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു.
നാദാപുരത്ത് കോടതി വെറുതെവിട്ട ലീഗ് പ്രവര്‍ത്തകനെ കൊന്ന പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. അതിനു സമീപം വേളത്ത് നടന്ന കൊലപാതകത്തില്‍ രണ്ടുപേരെ പിടികൂടിയെങ്കിലും പ്രധാനപ്പെട്ട പ്രതികളെ പിടിച്ചിട്ടില്ല. താനൂര്‍ കടപ്പുറത്ത് പതിനഞ്ചോളം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. ഈ മാസം 23നു താന്‍ ആ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സംസ്ഥാനത്തു പൂര്‍ണമായും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണു സി.പി.എം-ബി.ജെ.പി. ശ്രമം. ഇതു യു.ഡി.എഫ്. തുറന്നുകാട്ടുമെന്നും രമേശ് പറഞ്ഞു.

NO COMMENTS

LEAVE A REPLY