സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുന്നു രമേശ് ചെന്നിത്തല

178

കൊച്ചി:സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോഴ്സിലേക്കുള്ള ഫീസ് വന്‍ തോതില്‍ വര്‍ധിപ്പിച്ചതോടെ സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുന്നത് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മെഡിക്കല്‍ കോഴ്സിലേക്കുള്ള മെറിറ്റ് സീറ്റിന് നല്‍കേണ്ടി വന്ന 1.85 ലക്ഷം എന്ന ഫീസാണ് എല്‍.ഡി.എഫ് അധികാരത്തിലെത്തുമ്ബോഴേക്കും വന്‍ തോതില്‍ വര്‍ധിപ്പിച്ചത്.
യു.ഡി.എഫ് അധികാരത്തില്‍ വരുമ്ബോള്‍ 1.38 ലക്ഷമായിരുന്ന ഫീസ് 2015,16 ആവുമ്ബോഴേക്ക് 1.85 ലക്ഷമാക്കി മാത്രമാണ് വര്‍ധനവ് വരുത്തിയത്.എന്നാല്‍ ഒറ്റയടിക്ക് അത് രണ്ടരലക്ഷമാക്കിയ എല്‍.ഡി.എഫിന്റെ നടപടി വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും ചെന്നിത്തല പറഞ്ഞു. നൂറ് സീറ്റും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഇത് യാതൊരു പരിഗണനയും നല്‍കാതെ ഹൈക്കോടതി തള്ളുകയായിരുന്നു. തങ്ങള്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാരിന് ആദ്യമേ തന്നെ ബോധ്യമുണ്ടായിരുന്നു. അല്ലെങ്കില്‍ അവര്‍ അവരുടെ നിലപാടില്‍ ഉറച്ച്‌ നിന്ന് അപ്പീല്‍ പോവുമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് ഫീസ് വര്‍ധിപ്പിക്കാനായി മാനേജ്മെന്റുകളുമായി നടത്തിയ ഒത്തുകളിയുടെ ഭാഗമാണെന്നും ചെന്നിത്തല കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എന്നാല്‍ കേരളകോണ്‍ഗ്രസ് എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ ചെന്നിത്തല തയ്യാറായില്ല.