നോട്ട് അസാധുവാക്കിയതോടെ രാജ്യത്തെ തീവ്രവാദ-മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വന്‍തിരിച്ചടി : രാജ്നാഥ് സിംഗ്

171

രേവാരി: നോട്ട് അസാധുവാക്കിയത് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ കുറച്ച്‌ ദിവസങ്ങള്‍ കൂടി നീണ്ടു നില്‍ക്കുമെന്ന് അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. നോട്ടുകള്‍ അസാധുവാക്കിയ നടപടിയിലൂടെ രാജ്യത്തിന് സമ്പന്നമായൊരു ഭാവിയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാറ്റത്തിന് വേണ്ടിയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്തത്. നോട്ട് അസാധുവാക്കിയതടക്കമുള്ള നടപടികള്‍ അത്തരം മാറ്റങ്ങളുടെ ഭാഗമാണ്. ഇതൊരു ചെറിയ തീരുമാനമായിരുന്നില്ല.
ചിലപ്പോള്‍ ഒരു മാസം കൂടി നമ്മള്‍ ഈ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ വിമര്‍ശിക്കുന്നുണ്ട് പക്ഷേ ഇപ്പോള്‍ കുറച്ച്‌ കഷ്ടപ്പെടേണ്ടി വന്നാലും ഭാവിയില്‍ ഇതിന്‍റെ ഗുണം നമ്മുക്ക് അനുഭവിക്കാം. ഇന്ത്യയ്ക്ക് രാഷ്ട്രീയമായി സ്വാതന്ത്ര്യം ലഭിച്ചതാണ് പക്ഷേ നമ്മുക്ക് വേണ്ടത് സാമ്പത്തികമായ സ്വാതന്ത്ര്യമാണ്. സാമ്പത്തികഅസമത്വം അവസാനിപ്പിക്കാന്‍ നമ്മുക്ക് സാധിക്കണം. ഉന്നതമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചത് ഈ ലക്ഷ്യത്തോടെയാണ് രാജ്യത്തെ സാമ്ബത്തികരംഗത്ത് സുതാര്യത കൊണ്ടു വരാന്‍ ഇത്തരം നടപടികള്‍ സഹായിക്കും. നോട്ട് അസാധുവാക്കിയതോടെ രാജ്യത്തെ തീവ്രവാദ-മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വന്‍തിരിച്ചടിയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ രേവാരിയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.