ത്രീ സ്റ്റാര്‍ ഭക്ഷണം അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് റായ്പൂര്‍ ജയിലില്‍ തടവുകാരുടെ നിരാഹാര സമരം

178

റായ്പൂര്‍: ത്രീ സ്റ്റാര്‍ ഭക്ഷണം അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് റായ്പൂര്‍ ജയിലില്‍ തടവുകാരുടെ നിരാഹാര സമരം. പതിനാറ് ഇന അജണ്ടയുമായാണ് തടവുകാര്‍ ഗാന്ധി ജയന്തി ദിനത്തില്‍ സമരം തുടങ്ങിയത്. ജയില്‍ അഡ്മിനിസ്ട്രേഷന്‍ ഇടപെട്ടിട്ടും തടവുകാര്‍ സമരത്തില്‍ നിന്ന് പിന്മാറിയില്ല. സമൂഹ മാധ്യമങ്ങളിലൂടെ ജയില്‍ സമരത്തിന്‍റെ വിവരം പുറത്തുവന്നത്.തടവുകാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ ചിലത് ഇവയാണ്. ജയിലില്‍ വിളന്പുന്ന ഭക്ഷണത്തിന്‍റെ ഗുണമേന്മ വര്‍ധിപ്പിക്കുക, ജയിലിനുള്ളില്‍ പുകവലി അനുവദിക്കുക, ജയിലിനുള്ളിലെ ബാരക്കുകളുടെ എണ്ണം വര്‍ധിപ്പിക്കുക, (നിലവിലെ ബാരക്കുകളില്‍ അനുവദനീയതിലും കൂടുതല്‍ തടവുകാരാണ് ഇപ്പോഴുള്ളത്), പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ടെലിഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തണം, ജീവപര്യന്തം തടവുകാരെ സ്വതന്ത്രരായി വിടുക, തടവുകാരുടെ ദിവസക്കൂലി വര്‍ധിപ്പിക്കുക, സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കുക തുടങ്ങിയവയാണ്.തടവുകാര്‍ മുന്നോട്ടുവച്ച ന്യായമായ ചില വിഷയങ്ങള്‍ മാത്രമാണ് ഇവയെന്നും പുറത്തുവിടാന്‍ കൊള്ളാത്ത ചില ആവശ്യങ്ങളും അവര്‍ക്കുണ്ടെന്നും ജയില്‍ അധികൃതര്‍ പറയുന്നു.റായ്പൂര്‍ ജയിലില്‍ നിലവില്‍ 3155 പുരുഷന്മാരും 214 സ്ത്രീകളുമാണ് ശിക്ഷ അനുഭവിക്കുന്നത്. ഇവരില്‍ നാല്പതാളം മാവോയിസ്റ്റുകളും കൊലപാതകികളും കുപ്രസിദ്ധ കുറ്റകൃത്യങ്ങള്‍ ചെയ്തവരുമുണ്ട്. ഇവരില്‍ നിന്ന് മുന്‍പ് ലഹരിവസ്തുക്കളും സെല്‍ ഫോണുകളും നിരോധിത മറ്റ് ഇനങ്ങളും പിടിച്ചെടുത്തിരുന്നു. ഇവ തിരിച്ചുകിട്ടാനാണ് സമരമെന്നും ആരോപണമുണ്ട്.