തിരുവനന്തപുരം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു.ഇക്കാര്യം വ്യക്തമാക്കുവാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി ഇന്ന് വിളിച്ച വാര്‍ത്താസമ്മേളനം റദ്ദാക്കി. തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും മുല്ലപ്പള്ളി മാധ്യമങ്ങളെ കാണുക. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഞായറാഴ്ച ഉണ്ടാകുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞിരുന്നത്.
ആവശ്യം രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടെന്നും അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു.വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയുണ്ട്. രാഹുലിന്റെ തീരുമാനത്തിന് വേണ്ടിയാണ് കാത്തു നില്‍ക്കുന്നത്. യുഡിഎഫ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും സംസാരിച്ചു. എല്ലാവരും സ്വാഗതം ചെയ്തു. അദ്ദേഹം തയ്യാറായാല്‍ കേരളത്തിന്റെ സൗഭാഗ്യമാണെന്നും തെക്കേ ഇന്ത്യയില്‍ തന്നെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.