കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 29ന് കേരളത്തിലെത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

230

ബൂത്ത് പ്രസിഡന്റുമാരുടേയും വനിതാ വൈസ് പ്രസിഡന്റുമാരുടേയും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജനുവരി 29ന് രാവിലെ 10.30ന് രാഹുല്‍ ഗാന്ധി കൊച്ചി വിമാനത്താവളത്തിലെത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം 11.30നും 11.45നും ഇടയില്‍ അന്തരിച്ച കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് എം.ഐ.ഷാനവാസിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുശോചനം അറിയിക്കും.

തുടര്‍ന്ന് 12.30 മുതല്‍ 1.30വരെ യു.ഡി.എഫ് നേതാക്കളുമായി ഗസ്റ്റ് ഹൗസില്‍വച്ച് രാഹുല്‍ ഗാന്ധി ചര്‍ച്ചനടത്തും.3.15നും 4.45നും ഇടയില്‍ ബൂത്ത് പ്രസിഡന്റുമാരുടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.45ന് ഡല്‍ഹിക്ക് മടങ്ങും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍വാസ്‌നിക്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി.ചാക്കോ തുടങ്ങിയവര്‍ സംബന്ധിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെ വളരെ പ്രധാന്യത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. 25000 വനിതകളെ നേതൃപദവിയിലേക്ക് കൊണ്ടുവരികവഴി കോണ്‍ഗ്രസ് സ്ത്രീശാക്തീരണം നടപ്പിലാക്കുകയാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഈ നേട്ടം അവകാശപ്പെടാനാവില്ല. കെ.സി.വേണുഗോപാലിന് നല്‍കിയ പുതിയചുമതല കേരളത്തിലേയും രാജ്യത്തിലേയും ചെറുപ്പാക്കാര്‍ക്ക് കിട്ടിയ അംഗീകാരം കൂടിയാണ്. 2019ലെ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പിലേക്ക് രാജ്യം പോകുമ്പോള്‍ അദ്ദേഹത്തിന് പാര്‍ട്ടിയുടെ സംഘടനാ ചുമതലനല്‍കിയത് വേണുഗോപാലില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കൂടിയാണ്. അതിന് എ.ഐ.സി.സിയോടുള്ള നന്ദി അറിയിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണം തുറന്നുകാട്ടുന്നതിനായി ഫെബ്രുവരി 3ന് കാസര്‍ഗോഡ് നിന്നും ജനമഹായാത്ര ആരംഭിക്കും.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍ണി പാര്‍ട്ടി പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യും. 28ന് തിരുവനന്തപുരത്ത് സമാപിക്കും. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരും സമുന്നത നേതാക്കളും വിവിധ ജില്ലകളിലെ പങ്കെടുക്കും. ഭരണത്തില്‍ 56മാസം പിന്നിടുന്ന നരേന്ദ്ര മോഡിയും 1000 ദിവസം പിന്നിടുന്ന പിണറായി വിജയനും പരാജയപ്പെട്ട ഭരണാധികാരികളാണ്. ഇരുവരും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു.

പ്രിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം പാര്‍ട്ടിയെ ഐക്യത്തോടും അച്ചടക്കത്തോടും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു. അതേ അച്ചടക്കത്തോടും ഒറ്റക്കെട്ടായും തെരഞ്ഞെടുപ്പിനെ നേരിടും. മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് കേരളം. 20 ലോക്‌സഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന് വിജയിക്കാനുള്ള അനുകൂല സാഹചര്യം നിലനില്‍ക്കുന്നു. രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനവും ജനമാഹായാത്രയും കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പിന് സജ്ജമാക്കും.

സീറ്റ് വിഭജനവുമായി യു.ഡി.എഫില്‍ ഒരുതരത്തിലുള്ള അഭിപ്രായഭിന്നതയുമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു. പരസ്പര ധാരണയും കെട്ടുറുപ്പുമുള്ള മുന്നണിയാണ് യു.ഡി.എഫ്. ഘടകകക്ഷികള്‍ക്ക് സീറ്റ് ചോദിക്കാനുള്ള സ്വാതന്ത്ര്യം മുന്നണിയിലുണ്ട്. എല്ലാകാര്യങ്ങള്‍ക്കും ചര്‍ച്ചചെയ്തു പരിഹാരം കണ്ടെത്താന്‍ യു.ഡി.എഫ് നേതൃത്വത്തിന് കഴിയും. എല്ലാ സീറ്റുകളിലും വിജയിക്കുക മാത്രമാണ് ലക്ഷ്യം. അതിനനുയോജ്യരായ സ്ഥാനാര്‍ത്ഥികളാകും ഉണ്ടാകുക. അതുമായി ബന്ധപ്പെട്ട പ്രാരംഭചര്‍ച്ചകള്‍ ആരംഭിച്ചു. ഫെബ്രുവരി 20ന് സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറും.

നടി മഞ്ചുവാര്യരുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി താന്‍ ഒരുവിധത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

NO COMMENTS