രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമേ ഒരിടത്തുനിന്നു കൂടി തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ട് വച്ചത് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

153

ന്യൂഡല്‍ഹി : പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലെ ഒരിടത്തുനിന്നു കൂടി തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ട് വച്ചത് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കര്‍ണാടകയിലെ ഒരു സുരക്ഷിത മണ്ഡലത്തില്‍ നിന്നും രാഹുല്‍ ജനവിധി തേടും എന്നാണ് പൊതുവെ കരുതിയിരുന്നത്. ഇവിടെ ബി.ജെ.പിയാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്നതും, 2009 ല്‍ കോണ്‍ഗ്രസിന്റെ അന്നത്തെ ദേശീയ അദ്ധ്യക്ഷയും രാഹുല്‍ ഗാന്ധിയുടെ അമ്മയുമായ സോണിയഗാന്ധി കര്‍ണാടത്തില്‍ നിന്നും ജനവിധി തേടിയതും മുന്‍നിര്‍ത്തിയാണ് രാഹുലും ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം പൊതുവെ ഉയര്‍ന്നത്.

രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന അഭ്യൂഹമുയര്‍ന്നയുടനെ സുരക്ഷിത മണ്ഡലമായി കേരളത്തിലെ വയനാടും ഹൈക്കമാന്‍ഡ് പരിഗണിച്ചിരുന്നു. എന്നാല്‍ മുഖ്യശത്രു ബി.ജെ.പിയായതിനാല്‍ കര്‍ണാടകമാണ് നല്ലതെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയടക്കം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിലുള്ള സമ്മര്‍ദ്ദം രാഹുലിനെ കേരളത്തിലെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ എത്തിക്കുന്നതില്‍ വിജയം കണ്ടെത്തുകയായിരുന്നു. സുരക്ഷിത മണ്ഡലമെന്ന നിലയില്‍ വയനാടിനെ പരിഗണിക്കാന്‍ ഒടുവില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.

മാര്‍ച്ച്‌ ഇരുപതോടെ കേരളത്തില്‍ മത്സരിക്കുന്നതിനെ കുറിച്ച്‌ രാഹുല്‍ കോണ്‍ഗ്രസ് നേതാക്കളോട് അഭിപ്രായം ചോദിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയിലൂടെ ഈ വിവരം കേരളത്തിലെ മാദ്ധ്യമങ്ങൡ വാര്‍ത്തയായപ്പോഴാണ് സഖ്യകക്ഷികളടക്കം ഇക്കാര്യത്തെ കുറിച്ച്‌ അറിയുന്നത്. ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിന് തെക്കേ ഇന്ത്യയിലും ഇത് ശക്തി പകരും എന്നതിനാലാണ് ഇദ്ദേഹം ഈ ആശയം മുന്നോട്ട് വച്ചത്. ഈ ആശയത്തെ യു.പി.എയിലെ സഖ്യകക്ഷികളും പിന്തുണച്ചിരുന്നു.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പി അല്ലെന്നും ഇടത് കക്ഷികള്‍ക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മത്സരിക്കുന്നത് അനുചിതമാണെന്ന് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ രാഹുലിനോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ശരദ് പവാറിനോട് യെച്ചൂരി ആവശ്യപ്പെട്ടത് പ്രകാരമാണ് രാഹുലിനെ വയനാട്ടില്‍ നിന്നും പിന്തിരിപ്പിക്കാന്‍ എന്‍.സി.പി ശ്രമിച്ചത്. ഇത് സംബന്ധിച്ച സൂചന കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കുകയും ചെയ്തിരുന്നു.

NO COMMENTS