അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വനിതാ ജീവനക്കാര്‍ തടഞ്ഞു

171

അമേഠി(ഉത്തര്‍ പ്രദേശ്): മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സ്വന്തം മണ്ഡലമായ അമേഠിയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം വനിതാ ജീവനക്കാര്‍ തടഞ്ഞു. എംപിയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് അംഗന്‍വാടി ജീവനക്കാര്‍ രാഹുലിനെ തടഞ്ഞത്.രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനെത്തിയ നൂറ്റിയമ്ബതോളം അംഗന്‍വാടി ജീവനക്കാരികളാണ് സഞ്ചരിച്ച വാഹനത്തെ തടഞ്ഞത്. കനത്ത സുരക്ഷയെത്തുടര്‍ന്ന് ഏറെക്കാലമായി തങ്ങള്‍ക്ക് എംപിയെ നേരിട്ട് കണ്ട് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് സമരക്കാര്‍ പറഞ്ഞു.കാറിന് ചുറ്റും നിരന്ന സ്ത്രീകള്‍ വേതനവര്‍ധന് നല്‍കണമെന്ന മുദ്രാവാക്യം മുഴക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ നീക്കം ചെയ്യാനുളള നടപടി സ്വീകരിച്ചു. യാത്ര തുടര്‍ന്ന രാഹുല്‍ പിന്നീട് ഇവരെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. തങ്ങളുടെ ആവശ്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുളള ഒരു നിവേദനവും ജീവനക്കാര്‍ രാഹുല്‍ഗാന്ധിക്ക് കൈമാറി.