രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ബിജെപിയുടെ പതാകയും മോഡിക്ക് ജയ് വിളിയും

203

ഹരിദ്വാര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോ അലങ്കോലമായി. രാഹുല്‍ റാലി നയിച്ചു കൊണ്ടിരിക്കെ ജനക്കൂട്ടത്തിനിടയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജയ് വിളിയും ബിജെപി പതാക വീശലും. ഹരിദ്വാര്‍ നഗരത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ഇരച്ചെത്തിയാണ് റോഡ്ഷോ പൊളിച്ചത്. ഹരിദ്വാറില്‍ ബിജെപിക്കുള്ള പിന്തുണ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ തന്നെ കോണ്‍ഗ്രസിന് മുന്നില്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ തള്ളിക്കയറ്റത്തിലും സംയമനം പാലിച്ച്‌ രംഗം ശാന്തമാക്കിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നടപടിയും ശ്രദ്ധയാകര്‍ഷിച്ചു. അഴിമതിക്കാരായ ജനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്മേല്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി റോഡ് ഷോയില്‍ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോഡി ഉത്തരാഖണ്ഡിലെ ശ്രീനഗറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു.
ഫെബ്രുവരി 15 നാണ് ഉത്തരാഖണ്ഡില്‍ പോളിങ്. പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഒപ്പം മാര്‍ച്ച്‌ 11 നാണ് ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.

NO COMMENTS

LEAVE A REPLY