യുപിയില്‍ സഖ്യമില്ലെന്നു രാഹുല്‍ ഗാന്ധി

202

ന്യൂഡല്‍ഹി • യുപിയില്‍ സഖ്യമില്ലെന്നു രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതോടെ അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചതുഷ്കോണ മത്സരത്തിനു കളമൊരുങ്ങി. സംസ്ഥാനത്തു തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന ഒരു മാസത്തെ മഹായാത്രയ്ക്കിടെയാണു രാഹുല്‍ നിലപാടു വെളിപ്പെടുത്തിയത്. ഇതോടെ, ദേശീയ കക്ഷികളായ ബിജെപിയും കോണ്‍ഗ്രസും പ്രാദേശിക പ്രമാണികളായ എസ്പിയും ബിഎസ്പിയും പരസ്പരം കൊമ്ബുകോര്‍ക്കാനാണു സാഹചര്യം ഉരുത്തിരിയുന്നത്. യുപിയില്‍ തനിച്ചു മത്സരിക്കുമെന്നു കഴിഞ്ഞ വര്‍ഷം തന്നെ കോണ്‍ഗ്രസ് പറഞ്ഞിരുന്നു.എന്നാല്‍, ഇതു കാലേകൂട്ടിയുള്ള വീരസ്യപ്രകടനമായാണ് അന്നു കരുതപ്പെട്ടത്. മുന്‍ തിരഞ്ഞെടുപ്പില്‍ 28 സീറ്റു മാത്രം ജയിച്ച പാര്‍ട്ടിക്കു സഖ്യത്തില്‍ മികച്ച പരിഗണന നല്‍കാന്‍ ആരും തയാറാകുമായിരുന്നില്ല.ആദ്യം പ്രചാരണരംഗത്തിറങ്ങി ചലനം സൃഷ്ടിച്ച ശേഷം പ്രാദേശിക കക്ഷികളുമായുള്ള വിലപേശല്‍ ശേഷി വര്‍ധിപ്പിക്കാനുള്ള തന്ത്രമാണിതെന്നാണു വ്യാഖ്യാനമുണ്ടായത്. ഊര്‍ജിത പ്രചാരണത്തിലൂടെ യുപിയില്‍ ചലനമുണ്ടാക്കിയതിനു പിന്നാലെയാണു പാര്‍ട്ടി ഉപാധ്യക്ഷന്‍ ഇപ്പോള്‍ നിലപാടെടുക്കുന്നത്. തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഉപദേശിച്ച പ്രചാരണശൈലി കോണ്‍ഗ്രസിനു ഗുണം ചെയ്തിട്ടുണ്ട്. കര്‍ഷകര്‍ക്കും ദലിതര്‍ക്കുമിടയില്‍ കുറെയൊക്കെ സ്വാധീനം വീണ്ടെടുക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞെന്നാണ് ആദ്യ സൂചനകള്‍.ബിഹാര്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ യുപിയിലും സഖ്യമാണു യുക്തമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാനത്തെ പ്രാദേശിക നേതാക്കളും രാഹുല്‍ഗാന്ധിയും ഒറ്റയ്ക്കു മത്സരിക്കുകയെന്ന നിലപാടില്‍ ഉറച്ചുനിന്നു. 2009ലെ പൊതുതിരഞ്ഞെടുപ്പിലും സമാന നിലപാടു കോണ്‍ഗ്രസിനു ഗുണം ചെയ്തിരുന്നു. എസ്പിയുമായി സഖ്യത്തിനു ശ്രമിച്ചെങ്കിലും മാന്യമായ പരിഗണന കിട്ടാതെ വന്ന കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിച്ചു നേടിയത് 22 സീറ്റ്. രണ്ടാം യുപിഎയെ അധികാരത്തിലെത്തിക്കുന്നതില്‍, ആന്ധ്രയിലെ നേട്ടത്തോടൊപ്പം, ഇതു നിര്‍ണായകവുമായി. ഇതേസമയം, 2009ലെ നേട്ടം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല.സംഘടനയെ ശക്തിപ്പെടുത്താനാവാതെ പോയതായിരുന്നു കാരണം. ഇത്തവണ, മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനവും മുന്‍കൂര്‍ പ്രചാരണവും ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ ശരിയായി ചെയ്തത് അണികളെ സജീവമാക്കിയിട്ടുണ്ട്. രാഹുലിന്റെ പ്രസ്താവനയ്ക്കു പിന്നിലെ ആത്മവിശ്വാസത്തിനു കാരണവും ഇതു തന്നെ.

NO COMMENTS

LEAVE A REPLY