നോട്ട് നിരോധനം പാവങ്ങള്‍ക്ക് എതിരായ ബോധപൂര്‍വ നീക്കമാണെന്ന് രാഹുല്‍ ഗാന്ധി

148

ന്യൂഡല്‍ഹി : നോട്ട് നിരോധിച്ച നരേന്ദ്ര മോദി സര്‍ക്കാറിന്റെ നടപടി പാവങ്ങള്‍ക്ക് എതിരായ ബോധപൂര്‍വമായ നീക്കമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിനെ ഒരു പിഴവായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിരോധിച്ച 500, 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായുള്ള റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ വിമർശനം. നോട്ട് നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നത്. കള്ളപ്പണം ഇല്ലാതാക്കാനെന്ന് പറഞ്ഞായിരുന്നു മോദിയുടെ നടപടി. എന്നാല്‍ ഇത് പരാജയമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. രാജ്യത്തെ യുവാക്കളെയും വ്യാപാരികളെയും ചെറുകിട വ്യവസായികളെയുമെല്ലാം ദ്രോഹിച്ചത് എന്തിനായിരുന്നുവെന്ന് മോദി വ്യക്തമാക്കണമെന്നും രാഹുൽ പറഞ്ഞു. പാവങ്ങളെ തകര്‍ത്ത് അവരുടെ കൈവശമുള്ള പണം ഉറ്റസുഹൃത്തുക്കളായ മുതലാളിമാരുടെ കീശയിലെത്തിക്കുകയാണ് മോദി ചെയ്തതെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയില്‍ ഒരു സര്‍ക്കാറും ചെയ്യാത്ത കാര്യം ചെയ്തുവെന്ന മോദിയുടെ അവകാശവാദം സത്യമാണ്. അദ്ദേഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തിരിക്കുന്നു. 520 കോടി വിലവരുന്ന റാഫേല്‍ ജെറ്റുകള്‍ 1600 രൂപക്ക് വാങ്ങിയതും ഇതില്‍പെടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS