കാലവര്‍ഷക്കെടുതിയില്‍ കേരളത്തെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് മോദിക്ക് രാഹുലിന്‍റെ കത്ത്

163

ന്യൂ‍ഡല്‍ഹി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏറെ നാശന്ഷ്ടങ്ങള്‍ നേരിടുന്ന കേരളത്തിന് അടിയന്തിര സഹായം ലഭ്യമാക്കണമെന്നഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കത്തയച്ചു. കേരളത്തിലെ പ്രളയക്കെടുതിയുടെ രൂക്ഷത വിവരിക്കുന്ന കത്തില്‍ സംസ്ഥാനത്തെ മലയോര, തീരദേശ ജില്ലകളായ ഇടുക്കി, വയനാട്, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ നടപടികളിലും പുനരധിവാസ പ്രവർത്തനങ്ങളിലും കേന്ദ്രത്തിന്‍റെ നിർലോഭ സഹകരണമുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു. ഓഖി ദുരന്തത്തില്‍ നിന്ന് കരകയറാത്ത ജനതയെ പ്രളയം കൂടുതല്‍ ദുരന്തത്തിലാക്കും. ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. അടിസ്ഥാന സൗകര്യങ്ങള്‍ പുന:സ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും കത്തില്‍ കൂട്ടിചേര്‍ത്തു.

NO COMMENTS