ഖത്തറില്‍ മഴ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

207

ഖത്തറില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. റോഡില്‍ പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ ദിവസം പെയ്‍ത ശക്തമായ മഴയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇരുന്നൂറ്റി അമ്ബതോളം വാഹനങ്ങള്‍ കുടുങ്ങി കിടന്നതായി ട്രാഫിക് വിഭാഗം അറിയിച്ചു. മുന്നിലേക്കുള്ള കാഴ്‍ച തടസ്സപ്പെട്ടതാണ് മിക്ക വാഹനങ്ങളും അപകടത്തില്‍പെടാനിടയാക്കിയത്. അതിനാല്‍ കാഴ്‍ച മങ്ങുന്ന സാഹചര്യത്തില്‍ വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ മന്ത്രാലയം നിര്‍ദേശിച്ചു.

ദോഹയ്ക്കകത്താണ് മിക്ക അപകടങ്ങളും സംഭവിച്ചതെന്നും ദൂര ദിക്കുകളില്‍ നിന്ന് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മഴ വെള്ളം കെട്ടി നില്‍ക്കുന്ന നിരത്തുകളില്‍ അനുവദിച്ചതിലും കുറഞ്ഞ വേഗതയില്‍ മാത്രം വാഹനം ഓടിക്കുക, ടയറുകളില്‍ ആവശ്യത്തിന് കാറ്റുണ്ടെന്ന് ഉറപ്പുവരുത്തുക, മുന്നിലെ വാഹനവുമായി ആവശ്യമായ അകലം പാലിക്കുക, വളവുകളും തിരിവുകളും സൂക്ഷ്‍മമായി നിരീക്ഷിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കുക, അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വാഹനങ്ങളെ മറികടക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇതിനിടെ കഴിഞ്ഞ രണ്ടു ദിവസം പെയ്ത ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്.ഇതിനായി നഗരസഭ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്‍ച രാത്രിയോടെ മുപ്പതു ലക്ഷം ഗാലന്‍ വെള്ളം ഉംസലാല്‍ നഗരസഭയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. അടുത്ത രണ്ടു ദിവസം കൂടി പലയിടങ്ങളിലായി ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

NO COMMENTS

LEAVE A REPLY