പള്‍സര്‍ സുനിയുമായി കൊച്ചി നഗരത്തില്‍ തെളിവെടുപ്പ് നടത്തി

170

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുമായി കൊച്ചി നഗരത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. നടിയുമൊത്ത് സ‌ഞ്ചരിച്ച വഴികളിലൂടെയും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്ന് സുനി പറഞ്ഞ സ്ഥലത്തും പൊലീസ് പരിശോധന നടത്തി.
ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് ആലുവ പൊലീസ് ക്ലബ്ബില്‍ നിന്ന് സുനിയെ പുറത്തിറക്കിയത്. നടിയെയും കൊണ്ട് വാഹനത്തില്‍ സഞ്ചരിച്ചെന്ന് പറഞ്ഞ സ്ഥലത്തെല്ലാം പൊലീസ് സംഘം ഇയാളെയും കൊണ്ട് പോയി. മറ്റ് പ്രതികളെ ഒഴിവാക്കി സുനിയെ മാത്രമായിരുന്നു കൊണ്ടുപോയത്. ഇയാളെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയില്ല. തുണി കൊണ്ട് മുഖം മറച്ചാണ് പൊലീസ് വാഹനത്തില്‍ ഇയാളെ കൊണ്ടു വന്നത്. രണ്ട് മണിക്കൂറോളം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനത്തില്‍ സഞ്ചരിച്ചെന്നാണ് നടിയുടെ പരാതി. ആക്രമണത്തിനിടെ നടിയുടെ മൊബൈല്‍ ഫോണ്‍ ഒരു ഓടയില്‍ ഉപേക്ഷിച്ചെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇത് കണ്ടെടുക്കാന്‍ അര്‍ദ്ധരാത്രി തന്നെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സുനിയുടെ മൊഴി പൂര്‍ണ്ണമായും പൊലീസ് വിശ്വാസത്തിലെടുക്കുന്നില്ല. ക്വട്ടേഷന്‍ അല്ലെന്നും ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാനാണ് ശ്രമിച്ചതെന്നുമാണ് ഇയാള്‍ ഇന്നലെ പൊലീസിനോട് പറഞ്ഞത്.

NO COMMENTS

LEAVE A REPLY